വയനാട് മുണ്ടക്കെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ജീവനാംശ വിതരണം ഒരു മാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനം. മനോരമന്യൂസ് ലൈവത്തണിലെ മന്ത്രി രാജന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ദിവസം 300 രൂപ വെച്ച് മാസം 9000 രൂപ ജീവനാംശ വിതരണം മൂന്നാം മാസവും വിതരണം ചെയ്യാൻ തീരുമാനമായത്. മനോരമ ന്യൂസ് ലൈവത്തൺ ഇംപാക്ട്
Read Also: മൂന്ന് മാസത്തെ വീട്ടുവാടക അക്കൗണ്ടിലെത്തി; ഒടുവില്‍ സൈനബയ്ക്ക് ആശ്വാസം
മനോരമ ന്യൂസ് ലൈവത്തണിൽ ദുരന്തബാധിതർ തങ്ങളുടെ അവസ്ഥ കണ്ണീരോടെ വിവരിച്ചിരുന്നു. സാമ്പത്തികമായി കടുത്ത പ്രതിസന്ധി, അവശ്യസാധനങ്ങൾ വാങ്ങാൻ പോലും കയ്യിൽ പണമില്ലെന്നു ദുരന്തബാധിതര്‍ സങ്കടത്തോടെ പറഞ്ഞു. ദുരിതം അറിഞ്ഞ റവന്യു മന്ത്രി കെ. രാജൻ അതേ ലൈവത്തണിൽ പ്രഖ്യാപനം നടത്തി. ദുരന്തബാധിതർക്ക് ജീവനാംശ വിതരണം ഒരു മാസത്തേക്ക് കൂടി നീട്ടുമെന്ന്
ലൈവത്തണിനു പിന്നാലെ വിഷയത്തിൽ തീരുമാനമായി. മൂന്നാം മാസത്തിലെ ജീവനാംശ വിതരണം ഉടൻ തുടങ്ങും. നിലവിൽ രണ്ടാം മാസത്തെ ഗഡുവാണ് വിതരണം ചെയ്തു വരുന്നത്. ലൈവത്തൺ അവസാനിച്ച് മണിക്കൂറുകൾക്കകം ജില്ല ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേർന്നിരുന്നു. യോഗത്തിലാണ് മൂന്നാം മാസത്തെ വിതരണം തീരുമാനമായത്.
പുതിയ തീരുമാനം ദുരന്ത ബാധിതർക്ക് അൽപമെങ്കിലും ആശ്വാസമാകും. ഇതോടെ മൂന്നര മണിക്കൂർ നീണ്ട മനോരമ ന്യൂസ് ലൈവത്തണിലെ പ്രധാന വിഷയങ്ങളിലെല്ലാം അധികൃതരുടെ കണ്ണു തുറക്കുകയാണ്. നാലു മാസമായി വാടക ലഭിക്കാതിരുന്ന ചൂരൽമല സ്വദേശി സൈനബക്ക് ലൈവത്തണിനു പിന്നാലെ കഴിഞ്ഞ ദിവസം സഹായമെത്തിയിരുന്നു..