സ്ഥാനാരോഹണത്തിന് മുന്നോടിയായി മാര്‍ ജോര്‍ജ് കൂവക്കാടിന്‍റെ കുടുംബാംഗങ്ങള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. മാര്‍ കൂവക്കാട്ടിന്റെ അമ്മ ലീലാമ്മ, പിതാവ് ജേക്കബ് വര്‍ഗീസ്, സഹോദരി ലിറ്റി എന്നിവരടങ്ങുന്ന സംഘമാണ് മാര്‍പ്പാപ്പയെ കണ്ടത്. ദൈവകൃപ എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്ന് മാര്‍ കൂവക്കാട്ടിന്റെ അമ്മ ലീലാമ്മ പറഞ്ഞു. അഭിമാനാര്‍ഹമായ നിമിഷമെന്ന് വത്തിക്കാന്‍ ഡികാസ്റ്ററിയിലെ ഫാ. ജിജി പുതുവീട്ടിക്കളം.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, കൊടിക്കുന്നില്‍ സുരേഷ്, രാജീവ് ചന്ദ്രശേഖര്‍ എന്നിവരും മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ആശംസകള്‍ അറിയിച്ചതായി ജോര്‍ജ് കുര്യന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മാര്‍ ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാളായി ഉയര്‍ത്തിയതിന്റെ നന്ദിയും അറിയിച്ചു. ഇന്ത്യ സന്ദര്‍ശിക്കണമെന്ന ആഗ്രഹം അറിയിച്ചതായി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
പ്രിയപ്പെട്ട മകന്‍ അത്യുന്നതമായ പദവിയിലേക്കുയരുന്നതിന്‍റെ വിശുദ്ധ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാനാണ് ചങ്ങനാശേരിയില്‍ നിന്ന് മാര്‍ ജോര്‍ജ് കൂവക്കാടിന്‍റെ മാതാപിതാക്കളടക്കമുള്ളവര്‍ വത്തിക്കാനിലെത്തിയത്. നിയുക്ത കര്‍ദിനാള്‍മാരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിന് ക്രമീകരിച്ച സമയത്താണ് മാര്‍ ജോര്‍ജ് കൂവക്കാടിന്‍റെ മാതാപിതാക്കളടക്കമുള്ളവര്‍ മാര്‍പാപ്പയെ വ്യക്തിപരമായി കണ്ടത്. മാര്‍പാപ്പയുടെ ആശീര്‍വാദം സ്വീകരിച്ചതിന്‍റെ സന്തോഷത്തിലായിരുന്നു കുടുംബാംഗങ്ങള്‍.
2022ല്‍ മാതാപിതാക്കളുടെ 50–ാം വിവാഹവാർഷികവേളയിൽ മാതാപിതാക്കളെ മാര്‍ ജോര്‍ജ് കൂവക്കാട് വത്തിക്കാനിലേക്കു കൊണ്ടുപോയിരുന്നു. അന്ന് മാർപാപ്പയെ കാണാനുള്ള അനുമതി വാങ്ങിയിരുന്നില്ലെങ്കിലും ഇരുവരും വത്തിക്കാനില്‍ ഉണ്ടെന്നറിഞ്ഞ മാര്‍പാപ്പ ഇരുവര്‍ക്കും തന്നെ നേരിട്ടു കാണാനുള്ള സൗകര്യമൊരുക്കിയിരുന്നു. ഒപ്പം കൊന്ത സമ്മാനമായി നൽകിയാണ് അന്നു മടക്കിയയച്ചത്.