തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ ഇടിമുറിയിലിട്ട് മര്‍ദിച്ച എസ്.എഫ്.ഐക്കാരെ പിടികൂടാതെ പൊലീസ്. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോളജും തയാറായിട്ടില്ല. കര്‍ശന നടപടി വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.കോളജിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിന് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോളജിലെ യൂണിയന്‍ ഓഫീസ് എസ്.എഫ്.ഐക്കാരുടെ വിളയാട്ട കേന്ദ്രമായ ഇടിമുറിയായി മാറുന്ന അവസ്ഥ. എസ്.എഫ്.ഐക്കാരന്‍ തന്നെയായ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് അനസാണ് ഇത്തവണ ഇടിമുറി മര്‍ദനമെന്ന പരാതിയുമായി രംഗത്തെത്തിയത്. എസ്.എഫ്.ഐയുടെ കൊടികെട്ടാന്‍ മരത്തില്‍ കയറാന്‍ തയാറാകാത്തതിന്റെ വൈരാഗ്യത്തിലാണ് കലിന് സ്വാധീനക്കുറവുള്ള അനസിന്റെ കാലില്‍ ചവിട്ടി ഞെരിക്കുകയും നെഞ്ചത്തും തലയിലും ഇടിക്കുകയും ചെയ്തതെന്നാണ് പരാതി.
രണ്ടാം തീയതിയിലെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്, സെക്രട്ടറി വിധു ഉദയ, പ്രവര്‍ത്തകരായ മിഥുന്‍, അലന്‍ ജമാല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. പക്ഷെ ഇതുവരെ ഈ നാല് വിദ്യാര്‍ഥികളെ തൊടാന്‍ പോലും പൊലീസ് തയാറായിട്ടില്ല. അവരുടെ വീട്ടിലെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല ഒളിവിലാണെന്നാണ് ന്യായീകരണം. പൊലീസിന് പുറമെ അച്ചടക്ക നടപടിയെടുക്കാതെ കോളജും എസ്.എഫ്.ഐക്കാരെ സംരക്ഷിക്കുകയാണ്. എന്നാല്‍ കര്‍ശന നടപടിയെടുത്തില്ലങ്കില്‍ ഇടപെടുമെന്ന മുന്നറിയിപ്പ് ഗവര്‍ണര്‍ നല്‍കി.
അതേസമയം പൊലീസ്–എസ്.എഫ്.ഐ ഒത്തുകളി ആരോപിച്ച് കെ.എസ്.യു പ്രതിഷേധം തുടങ്ങി. കോളജിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പെണ്‍കുട്ടികളടക്കമുള്ള കെ.എസ്.യുക്കാരുമായി പൊലീസ് ഉന്തുംതള്ളുമായി.