• ഭൂമി അനുവദിച്ചതിലും ഗുരുതര ക്രമക്കേട്
  • വിപണിവില പരിഗണിക്കാതെ പാട്ടത്തുക നിശ്ചയിച്ചു
  • മുപ്പതേക്കറോളം ഭൂമി അന്യാധീനപ്പെടുമോ?

സ്മാര്‍ട് സിറ്റിക്കായി ഭൂമി നല്‍കിയതില്‍ വന്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി 2014 ലെ സിഎജി റിപ്പോര്‍ട്ട്. 100 ഏക്കറോളം ഭൂമി അധികമായി നല്‍കിയെന്നും ഭൂമി നിശ്ചയിച്ചത് മതിയായ പഠനം നടത്താതെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണിവില പരിഗണിക്കാതെയാണ് പാട്ടത്തുക നിശ്ചയിച്ചതെന്ന ഗുരുതര പിഴവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്ര വിനിയോഗാവകാശം നല്‍കിയ 29.5 ഏക്കറോളം  സ്ഥലം അന്യാധീനപ്പെടുമോയെന്ന ആശങ്കയും റിപ്പോര്‍ട്ട് ഉയര്‍ത്തിയിരുന്നു. സെസ് ബാധകമല്ലാത്തതിനാല്‍ ടീകോമിന് ഈ ഭൂമി മറിച്ചുവില്‍ക്കാനാകും എന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 

നിര്‍മിക്കാന്‍ പോകുന്ന കെട്ടിടങ്ങളുടെ വിസ്തീര്‍ണവും മറ്റും പരിശോധിച്ച് സി.എ.ജി വിലയിരുത്തുന്നത് 246 ഏക്കറില്‍ 100 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് അധികമായി നല്‍കിയെന്നാണ്. ആദ്യം നല്‍കിയ 131 ഏക്കറിന് മാത്രമാണ് സെസ് പദവി. രണ്ടാമത് നല്‍കിയ 115 ഏക്കറില്‍ 29.52 ഏക്കറിലാണ് സ്വതന്ത്ര വിനിയോഗാവകാശം. സെസ് പദവി ഇല്ലാത്തതിനാല്‍ ഈ ഭൂമി അന്യാധീനപ്പെടാം. അതായത് കമ്പനിക്ക് മറിച്ച് വില്‍ക്കാനാകും. ഇത് പദ്ധതിയുട ഉദ്ദേശ ലക്ഷ്യങ്ങളെ തന്നെ അട്ടമിറിക്കുന്നതാണെന്നും സി.എ.ജി നിരീക്ഷിക്കുന്നു. ഏക്കറിന് 42.27 ലക്ഷം രൂപയാണ് ഒറ്റത്തവണ പാട്ടത്തുകയായി നിശ്ചയിച്ചത്. സ്മാര്‍ട്ട്സിറ്റിക്ക് തൊട്ടടുത്തുള്ള ഇന്‍ഫോപാര്‍ക്ക് മറ്റൊരു കമ്പനിക്ക് ഭൂമി പാട്ടത്തിന് നല്‍കിയത് ഏക്കറിന് 69 ലക്ഷം രൂപയെന്ന നിരക്കിലും. ബിഡ് സിസ്റ്റം ഉപയോഗിച്ചപ്പോള്‍ ഏക്കറിന് 5 കോടി വരെ ഇന്‍ഫോപാര്‍ക്കിന് 2008ല്‍ ലഭിച്ചിട്ടുണ്ട് . വിപണി വിലയേക്കാള്‍ എത്രയോ കുറഞ്ഞ നിരക്കിലാണ് പാട്ടത്തുക നിശ്ചയിച്ചതെന്നാണ് ഇത് തെളിയിക്കുന്നതെന്നും സിഎജി ചൂണ്ടിക്കാട്ടി. 

അതേസമയം, സ്മാർട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോമിനെ ഒഴിവാക്കാനുള്ള തീരുമാനം സർക്കാരിന് തന്നെ തലവേദനയായിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ടീകോമിന് നഷ്ടപരിഹാരം നൽകുന്നത് എന്തിനെന്ന ചോദ്യമാണ് സർക്കാർ നേരിടുന്നത്. വി.എസ് സർക്കാർ ഒപ്പിട്ട കരാറിൽ നിന്നും പിണറായി സർക്കാർ ടീകോമിനെ ഒഴിവാക്കുന്നത് എന്തിനെന്ന് പാർട്ടിക്ക് വിശദീകരിക്കേണ്ടി വരും. ഇക്കാര്യത്തിൽ പാർട്ടി നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും. പാർട്ടി സമ്മേനങ്ങളിലെ പ്രാദേശിക വിഭാഗീയതയും പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. 

കേരളത്തിലെ ഏറ്റവും വലിയ ഐടി ക്യാംപസ് എന്ന് സ്വപ്ന പദ്ധതി യഥാര്‍ത്ഥ്യമാക്കാനാകാതെ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചതോടെയാണ് സര്‍ക്കാര്‍ ഇതേപ്പറ്റി പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയത്. ഈ സമിതിയുടെ നിര്‍ദേശം അംഗീകരിച്ചതോടെ ദുബായ് കമ്പനിയായ ടീകോമിന് നല്‍കിയ 246 ഏക്കര്‍ പാട്ട ഭൂമി തിരിച്ചുപിടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

ടീകോം സ്മാര്‍ട്ട് സിറ്റിയില്‍ നടത്തിയ നിക്ഷേപങ്ങള്‍ പരിശോധിച്ച് അവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരതുക നിശ്ചയിക്കാന്‍ ഇവാല്യൂവേറ്ററെ ചുമതലപ്പെടുത്തുമെന്നും. ടീകോമുമായി ചര്‍ച്ച നടത്തി പരസ്പരയോജിപ്പോടെയുള്ള പിന്‍മാറ്റനയം രൂപീകരിക്കുമെന്നുമായിരുന്നു തീരുമാനം. ഇക്കാര്യങ്ങളില്‍ ശുപാര്‍ശ നല്‍കാന്‍ ഐടി മിഷന്‍ ഡയറക്ടറും ഇന്‍ഫോപാര്‍ക്ക് സിഇഒ ഉള്‍പ്പടെയുള്ള സമിതിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യഥാര്‍ത്ഥ്യമാക്കാന്‍ തുടങ്ങിയ പദ്ധതിയെ അതിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി ഇടതുപക്ഷം എതിര്‍ത്തിരുന്നു. ഒടുവില്‍ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി 2011 ഫെബ്രുവരിയില്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പുവെയ്ക്കുമ്പോള്‍ പത്തുവര്‍ഷം കൊണ്ട് തൊണ്ണൂറായിരം തൊഴില്‍ അവസരങ്ങള്‍ ആയിരുന്നു വാഗ്ദാനം ചെയ്തത്. എന്നാല്‍ 13 വര്‍ഷമായിട്ടും ഒന്‍പതിനായിരം പേര്‍ക്ക് പോലും ജോലി നല്‍കാനായില്ല. പദ്ധതി വിജയിപ്പാക്കാന്‍ ടീകോമിനായില്ലെന്നതാണ് പിന്‍മാറ്റത്തിന് അവരെ പ്രേരിപ്പിച്ചത്. തിരിച്ചുപിടക്കുന്ന ഭൂമി ഉചിതമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ENGLISH SUMMARY:

The 2014 CAG report pointed out significant irregularities in the allocation of land for the Smart City project. The report stated that around 100 acres of land were allocated in excess and that the land was determined without conducting adequate studies..