ബി.ജെ.പി. മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ രഹസ്യമൊഴിയെടുക്കണമെന്ന് പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. തൃശൂര്‍ സി.ജെ.എം. കോടതിയാണ് അനുമതി നല്‍കിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ബി.ജെ.പി. തൃശൂര്‍ ജില്ലാ ഓഫിസില്‍ ഒന്‍പതു കോടിയുടെ കള്ളപ്പണം സൂക്ഷിച്ചെന്നാണ് മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വെളിപ്പെടുത്തല്‍. ഈ പണം എന്തിന് ഉപയോഗിച്ചു? ആരാണ് ഇത് കൈകാര്യം ചെയ്തത് ? തുടങ്ങിയ ചോദ്യത്തിനുള്ള ഉത്തരം സതീശന്റെ പക്കലുണ്ട്. ബെനാമി പേരുകളില്‍ നേതാക്കള്‍ ആരെങ്കിലും ഭൂമി വാങ്ങിയിട്ടുണ്ടോ? എന്ത് ഇടപാടുകള്‍ നടത്തി? ഈ ചോദ്യങ്ങളെല്ലാം സതീശനോട് പൊലീസ് ചോദിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും സതീശന്‍ കൈമാറി.
വിചാരണ തുടങ്ങും മുമ്പേ, രഹസ്യമൊഴിയെടുക്കണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അങ്ങനെയാണ്, തൃശൂര്‍ സി.ജെ.എം കോടതിയെ സമീപിച്ചത്. കുന്നംകുളം കോടതിയില്‍ രഹസ്യമൊഴി നല്‍കണമെന്നാണ് സി.ജെ.എം. കോടതിയുടെ നിര്‍ദ്ദേശം. അന്വേഷണ സംഘം സതീശനെ നേരത്തെ സാക്ഷിയായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അന്ന് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ സതീശന്‍ വെളിപ്പെടുത്തിയെന്നാണ് സൂചന. എന്താണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതെന്ന് ഇനിയും പുറത്തുവന്നിട്ടില്ല.