child-welfare-committe-2

തിരുവനന്തപുരം ശിശുക്ഷേമ സമിതി ഒാഫീസിലെ ആയമാര്‍ ഉള്‍പ്പെടെയുളളവരുടെ നിയമനങ്ങളില്‍ സിപിഎം പ്രാദേശിക നേതാക്കളുടെ തളളിക്കയറ്റം. ഒരു ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരുമാണ് നിയമനം നേടിയത്. കൊലക്കേസ് പ്രതിയും കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചയാളും സമിതിയുടെ ഭരണത്തലപ്പത്തുണ്ട്.

രണ്ടര വയസുകാരിയോട് കണ്ണില്ലാത്ത ക്രൂരത കാട്ടിയ ആയമാര്‍ എങ്ങനെ ശിശുക്ഷേമ സമിതി ജീവനക്കാരായെന്ന ചോദ്യമുയരുന്നതിനിടെയാണ് കൂടുതല്‍ നിയമനങ്ങളിലെ പാര്‍ട്ടി പങ്ക് പുറത്തു വരുന്നത്. ഏരിയ കമ്മിറ്റി അംഗവും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ വ്യക്തിയാണ്  നിയമനം നേടിയിരിക്കുന്നവരില്‍ പ്രമുഖന്‍.  ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനാകണമെന്നാണ് നിയമമെന്നതിനാല്‍ കൂടുതല്‍  സമയവും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ആയിരിക്കുമെന്ന് മാത്രം. Also Read: കിടക്കയില്‍ മൂത്രമൊഴിച്ചു; രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പിച്ച് ആയമാര്‍...


 

മൂന്ന്് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും കുട്ടികളെ പരിചരിക്കാന്‍ നിയമിക്കപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിലെ ഇടത് സംഘടനയെ നയിക്കുന്നത് കൊലക്കേസ് പ്രതി. മണ്ണന്തല രഞ്ജിത് കൊലക്കേസിലെ നാലാം പ്രതിയായ വി അജികുമാറിനെ സ്റ്റാഫ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത് അടുത്തിടെ. ലോക്കല്‍ കമ്മിറ്റിയംഗമാണ് അജികുമാര്‍. പഠന ക്യാംപില്‍ കുട്ടിയോട് അപമര്യാദയായി പെരുമാറിയ ആളും ഭരണ സമിതിയിലുണ്ട്. ആരോപണം ശരിയാണെന്ന് തെളിഞ്ഞിട്ടും നടപടിയെടുത്തില്ല. 

കുട്ടികളോട് മോശമായി പെരുമാറിയതിന് ഇടത് യൂണിയന്‍ നേതാവിന്റെ  ഭാര്യയായ ആയയെ ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. ഇവര്‍ പോയ വേഗത്തില്‍ തിരികെയെത്തി. മുമ്പ് നടന്ന വിവാദ ദത്തെടുക്കല്‍ കേസില്‍ പിരിച്ചുവിട്ട ജീവനക്കാരി തിരികെ ജോലിക്ക് കയറിയതും പാര്‍ട്ടി സ്വാധീനത്തിലെന്നാണ് ആക്ഷേപം. ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യയാണിവര്‍. കുട്ടികളുടെ ക്ഷേമത്തിലുപരി പാര്‍ട്ടിയിലെ ഉന്നത സ്ഥാനമോ ബന്ധുത്വമോ ആണ് നിയമന മാനദണ്ഡം എന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് പുതിയവിവരങ്ങള്‍. 

Google News Logo Follow Us on Google News

ENGLISH SUMMARY:

Most of those appointed to the Child Welfare Committee office are local CPM leaders