k-gopalakrishnan-ias-whatsa

മതാടിസ്ഥാനത്തിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതില്‍ വ്യവസായ വകുപ്പ് മുന്‍ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവെച്ചിട്ടില്ലെന്നതും ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനെന്ന് ഉറപ്പിക്കാവുന്ന ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്തതയുമാണ് കാരണമായി പൊലീസ് പറയുന്നത്.

 

ഹിന്ദുക്കളായ ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മല്ലു ഹിന്ദു ഓഫീസേഴ്സ് ഗ്രൂപ്പ്. അത് പിടിക്കപ്പെടുമെന്നായപ്പോള്‍ മല്ലു മുസ്ളീം ഓഫീസേഴ്സ് ഗ്രൂപ്പ്. രണ്ടും പുറത്തറിഞ്ഞപ്പോള്‍ ഗ്രൂപ്പുണ്ടാക്കിയത് താനല്ലെന്നും ഫോണ്‍ ആരോ ഹാക്ക് ചെയ്തതാണെന്നുമുള്ള കള്ളപ്പരാതി. ഇതൊക്കെയായിട്ടും കേസെടുക്കാന്‍ മാത്രമുള്ള തെറ്റൊന്നും ഗോപാലകൃഷ്ണന്‍ ചെയ്തില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഹാക്ക് ചെയ്തെന്ന ഗോപാലകൃഷ്ണന്റെ പരാതി പൊളിഞ്ഞതിന് പിന്നാലെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെയാണ് കേെസടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്തെ കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയത്. അതില്‍ പ്രാഥമിക അന്വേഷണം നടത്തിയാണ് കേെസടുക്കാനുള്ള വകുപ്പില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് നിഗമനത്തിലെത്തിയത്. 

വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചെങ്കിലും മതസ്പര്‍ധയുണ്ടാക്കുന്ന സന്ദേശങ്ങളൊന്നും അതില്‍ പങ്കുവെച്ചിട്ടില്ല. ഗ്രൂപ്പിലെ അംഗങ്ങളാരും അവരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതിയും നല്‍കിയിട്ടില്ല. അതിനാല്‍ മതസ്പര്‍ധക്ക് ശ്രമമെന്ന വകുപ്പ് നിലനില്‍ക്കില്ലെന്നാണ് പൊലീസിന്റെ ഒരു ന്യായീകരണം. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഗ്രൂപ്പിലുള്ളത്. അവര്‍ എതിര്‍പ്പ് അറിയിച്ചതോടെ ഗ്രൂപ്പ് ഡിലീറ്റും ചെയ്തു. അതിനാല്‍ പൊതുജനത്തിന് ഇതില്‍ പങ്കില്ലെന്നതാണ് രണ്ടാമത്തെ ന്യായീകരണം. ഗോപാലകൃഷ്ണന്റെ മൊബൈല്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയെങ്കിലും ഗോപാലകൃഷ്ണന്‍ തന്നെയാണ് ഗ്രൂപ്പുണ്ടാക്കിയതെന്ന് ഉറപ്പിക്കുന്ന തെളിവില്ല. മൊബൈല്‍ ഫോര്‍മാറ്റ് ചെയ്തതിനാല്‍ ഇനി തെളിവ് ലഭിക്കില്ലെന്നതാണ് മൂന്നാമത്തെ ന്യായീകരണം. ചുരുക്കത്തില്‍ വകുപ്പുതല നടപടിക്ക് അപ്പുറം ഗോപാലകൃഷ്ണന്‍ സുരക്ഷിതനാണ്.

ENGLISH SUMMARY:

No case filed for creating a WhatsApp group of IAS officers based on religion