TOPICS COVERED

ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാരൻ ആത്മഹത്യ ചെയ്ത ട്രാക്കോ കേബിൾ എന്ന പൊതുമേഖല സ്ഥാപനം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത് അതിവേഗമായിരുന്നു. 200 കോടി വരെ വാർഷികവിറ്റു വരവ് ഉണ്ടായിരുന്ന, 2013 വരെ ലാഭത്തിൽ ആയിരുന്ന  കമ്പനിയ്ക്ക് ഇപ്പോൾ ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലായി. കമ്പനിയെ നഷ്ടത്തിലേക്ക് എത്തിച്ച സാഹചര്യം എന്തെന്ന് പരിശോധിക്കാൻ സർക്കാർ തലത്തിൽ പോലും കാര്യമായ ഇടപെടലുകളും ഉണ്ടായിട്ടില്ല. 

1964ൽ പ്രവർത്തനം ആരംഭിച്ച പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിന് നല്ല ട്രാക്ക് റെക്കോർഡ് തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. 2013 വരെ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനിയാണ് പെട്ടന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തിയത്.  200 കോടിയിൽ അധികം രൂപയുടെ വാർഷിക വിറ്റു വരവ് ഉണ്ടായിരുന്ന കമ്പനി 30 കോടിയോളം സർക്കാരിന് നികുതി ഇനത്തിലും നൽകിയിരുന്നു. 

 

KSEB, BSNL തുടങ്ങിയ സ്ഥാപനങ്ങൾക്കു ആവശ്യമായ കേബിളുകൾ ഓർഡർ അനുസരിച്ചു ട്രാക്കോ കേബിൾ വിതരണം ചെയ്തു. ഉല്പാദനത്തിന് ആവശ്യമായ റോമെറ്റിരിയൽസ്  വാങ്ങിയതിൽ ക്രമക്കേട് ആണ് നഷ്ടങ്ങളുടെ കണക്കിൽ ആദ്യം ഇടം പിടിക്കുന്നത്. മാറി മാറി വന്ന മാനേജ്മെന്റുകൾ ഇഷ്ടനുസരണം സാധനങ്ങൾ മാറ്റി വാങ്ങി. നിലവിൽ 231.65കോടിയുടെ നഷ്ടമാണ് ട്രാക്കോ കേബിൾ എന്ന സർക്കാർ പൊതുമേഖലാ സ്ഥാപനത്തിന് ഉള്ളത്. 

പിണറായി സർക്കാർ തന്നെ ട്രാക്കോയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ സഹായ ധനം പ്രഖ്യാപിച്ചെങ്കിലും ഫലം ഉണ്ടായില്ല. നഷ്ടത്തിൽ ആണെന്ന് അറിഞ്ഞിട്ടും KSEB 152 കോടി രൂപയുടെ ഓർഡർ 2022 ൽ നൽകി. പക്ഷെ അതിൽ കൊടുക്കാനായത് 22 കോടി രൂപയുടെ കേബിൾ മാത്രം. പവർ ഫിനാൻസ് കോർപറേഷൻ, എസ്ബിഐ എന്നിവിടങ്ങളിൽ നിന്നുമാണ് ട്രാക്കോ കേബിൾ വായ്പ എടുത്തിരുന്നത്.

 

വായ്പ തിരിച്ചടവ് മുടങ്ങിയതോടെ എസ്ബിഐ ബാങ്ക് ഗ്യാരന്റി വെട്ടി കുറച്ചു. 90 കോടിയുടെ വായ്‌പ തിരിച്ചടവ് മുടങ്ങിയതോടെ പവർ ഫിനാൻസ് കോർപറേഷൻ ട്രാക്കോയ്ക്ക് എതിരെ നിയമ നടപടിയും ആരംഭിച്ചു. ലാഭത്തിൽ ആയിരുന്ന കമ്പനിയെ നഷ്ടത്തിലേക്ക് എത്തിച്ച ഘടകങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാൻ സർക്കാർ തലത്തിൽ കാര്യമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. 

ENGLISH SUMMARY:

Traco Cable, a public sector company, plunged into heavy losses rapidly, following the tragic suicide of an employee due to unpaid salaries.