തിരുവല്ലയിലെ വിഭാഗീയതയിൽ കടുത്ത നടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി പങ്കെടുത്ത യോഗം . തിരുവല്ല ടൗണ്‍ ലോക്കല്‍ സെക്രട്ടറിയെ മാറ്റി പകരം ഏരിയക്കമ്മിറ്റി അംഗത്തിന് ചുമതല നല്‍കി. വിഭാഗീയതയില്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ എടുത്തെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞപ്പോള്‍ വിഭാഗീയതയും നടപടിയും ഇല്ലെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ നിലപാട്
തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കെ. കെ. കൊച്ചുമോനെ മാറ്റി പകരം ഏരിയക്കമ്മിറ്റി അംഗം ജെനു മാത്യുവിന് ആണ് ചുമതല നല്‍കിയത്. അലങ്കോലമായ ലോക്കൽ സമ്മേളനം 9 ന് വീണ്ടും ചേർന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും. സമ്മേളനകാലത്ത് പ്രവർത്തന റിപ്പോർട്ട് പുറത്തുപോയതാണ് കൊച്ചുമോന് എതിരായ കടുത്ത നടപടിക്ക് കാരണം.. നടപടി എടുത്ത് ചുമതലയില്‍ നിന്ന് നീക്കിയിട്ടും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് മുൻ ഏരിയാസെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിക്ക് താക്കീത് നൽകി. തിരുവല്ലയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് സമ്മേളനങ്ങൾ പൂർത്തിയാക്കാൻ കഴിയും വിധമുള്ള നടപടികൾ എടുത്തു എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
തിരുവല്ലയിൽ വിഭാഗീയതയോ നടപടിയോ ഇല്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ നിലപാട്. പുറത്തുവന്ന റിപ്പോർട്ട് പാർട്ടിയുമായി ബന്ധപ്പെട്ടത് അല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടേറിയേറ്റെടുത്ത തീരുമാനം ഏരിയക്കമ്മിറ്റിയേയും, ലോക്കല്‍കമ്മിറ്റിയേയും അറിയിക്കുകയായിരുന്നു. രണ്ടുവട്ടം ഗുരുതര പീഡനക്കേസുകളില്‍പ്പെട്ട സി.സി.സജിമോന്‍ എന്ന നേതാവിനെ തിരിച്ചെടുത്തതാണ് പൊട്ടിത്തെറിക്ക് കാരണം.
ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ഇത് പരാമര്‍ശിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി ഇടപെട്ട് തിരികെ വാങ്ങിയിരുന്നു. ഈ റിപ്പോര്‍ട്ട് ഇന്നലെ ചോര്‍ന്നു. പീഡനക്കേസ് പ്രതിയെ പുറത്താക്കിയതിന് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥി ടി.എം.തോമസ് ഐസക്കിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തിച്ചു എന്നുള്ളതാണ് റിപ്പോര്‍ട്ടിലെ ഗുരുതര പരാമര്‍ശം. നിലവില്‍ പ്രതിക്കൊപ്പം ഉള്ളവര്‍ക്ക് അനുകൂലമാണ് നടപടി. പുറത്താക്കപ്പെട്ട സെക്രട്ടറിയെ അനുകൂലിക്കുന്നവരുടെ നിലപാട് വരും ദിവസങ്ങളില്‍ അറിയാം