കോതമംഗലം കുട്ടമ്പുഴയിൽ വനത്തിൽ കുടുങ്ങിയ സ്ത്രീകൾക്കായുള്ള തിരച്ചിൽ തുടരുന്നു. തിരിച്ചിലിനിറങ്ങിയ നാല് സംഘങ്ങളിൽ രണ്ട് സംഘം മടങ്ങിയെത്തി. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും തിരച്ചിലിന് വെല്ലുവിളിയായിരുന്നു. രാവിലെ വെളിച്ചം വീണാലുടൻ തിരച്ചിൽ പുനരാരംഭിക്കും . സ്ത്രീകളെ കാണാതായി 13മണിക്കൂര്‍ പിന്നിട്ടുകഴിഞ്ഞു.
കാണാതായ പശുവിനെ തേടിയാണ് സ്ത്രീകള്‍ വനമേഖലയിലേക്ക് പോയത്. ഒരു മണിയോടെയാണ് പശുവിനെ തേടിയിറങ്ങിയത്.മായാ ജയന്‍, പാറുക്കുട്ടി, ഡാര്‍ളി സ്റ്റീഫന്‍ എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് 4.45വരെ മായാജയന്‍ വീട്ടുകാരെ വിളിച്ചിരുന്നു. അതിനുശേഷം ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാനകളുടെ മേഖലയാണിതെന്നും ആനകളെ കണ്ട് അവര്‍ പേടിച്ചിരുന്നെന്നും കുടുംബം പറയുന്നു.
കൊടുംകാട് ആയതിനാല്‍ തന്നെ തിരച്ചിലിനു പോലും വലിയ ഭീഷണിയാണ് നേരിടുന്നത്. കാട് പരിചിതമുള്ള വ്യക്തികളായതിനാല്‍ സ്ത്രീകള്‍ സ്വയം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.