
പ്രചാരണത്തിലും കലാശക്കൊട്ടിലും കണ്ട ആവേശം ബൂത്തുകളില്‍ പ്രകടമാകാതെ പാലക്കാട്ടെ വോട്ടിങ് പകല്‍. ഉപതിരഞ്ഞെടുപ്പിലെ പോളിങ് ആദ്യപാതി പിന്നിടുമ്പോള്‍ മിക്ക ബൂത്തുകളിലും തിരക്കില്ല. പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് 50 ശതമാനം കടന്നു. 2021ല്‍ 3 മണിവരെ 55.47 ശതമാനമായിരുന്നു. വോട്ടിങ് തുടങ്ങി ആദ്യ അര മണിക്കൂറില്‍ ബൂത്തുകളില്‍ വോട്ടര്‍മാരുെട നീണ്ടനിര കണ്ടുവെങ്കിലും, പിന്നീട് പതിയെ കുറഞ്ഞുവന്നു. കള്ളവോട്ട് വിവാദം ശക്തമായതിനാല്‍ പരമാവധി വോട്ടര്‍മാരെ ആദ്യ മണിക്കൂറുകളില്‍ ബൂത്തിലെത്തിക്കാനുള്ള മുന്നണികളുടെ ശ്രമം വിലപ്പോയില്ലെന്നാണ് വിലയിരുത്തല്‍. Also Read: ‘സമസ്ത മതേതരത്വത്തിനു വേണ്ടി നിലനില്‍ക്കും; സന്ദീപ് വാരിയരെ കണ്ടതും അതിന്‍റെ ഭാഗം’...
അതേസമയം, പാലക്കാട്ട് വോട്ടെടുപ്പ് പുരോഗമിക്കുമ്പൊഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ സിപിഎമ്മിന്‍റെ പത്രപ്പരസ്യവും സന്ദീപ് വാരിയറും തന്നെ. സി.പി.എമ്മിന്റേത് ബി.ജെ.പിയെ ജയിപ്പിക്കാനുള്ള പരസ്യമെന്ന് കുഞ്ഞാലിക്കുട്ടിയും മതേതരത്വത്തെ തകര്‍ക്കുന്ന നീക്കമെന്ന് കെ.മുരളീധരനും തുറന്നടിച്ചു. സന്ദീപ് ആര്‍എസ്എസ്സിനെ തള്ളിപ്പറഞ്ഞില്ലെന്ന വാദമുയര്‍ത്തിയാണ് സി.പി.എം പ്രതിരോധം. സമസ്തയോടുള്ള അതൃപ്തി കുഞ്ഞാലിക്കുട്ടിയും പത്രപ്പരസ്യത്തിലെ അതൃപ്തി എന്‍.എന്‍.കൃഷ്ണദാസും പ്രകടിപ്പിച്ചതും വോട്ടുനാളില്‍ കണ്ടു
മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിയെ ജയിപ്പിക്കാനാണ് പരസ്യമെന്ന് ലീഗ് വിലയിരുത്തുന്നു. പരസ്യം പ്രസിദ്ധീകരിച്ച സമസ്തയെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കുഞ്ഞാലിക്കുട്ടി വിശദമായി കണ്ടേക്കും. അതേസമയം, പത്രപ്പരസ്യം സിപിഎമ്മിന് ബൂമറാങ്ങാകുമെന്ന് ഷാഫി പറമ്പില്‍. സി.പി.എമ്മിന്റെ ഗൂഢശ്രമങ്ങളൊന്നും വിലപ്പോകില്ലെന്ന് മുരളീധരന്‍. സന്ദീപിനെ പ്രതിക്കൂട്ടില്‍ തന്നെ നിര്‍ത്തി എ.കെ.ബാലന്‍ തിരിച്ചടിച്ചു. പാണക്കാട് തങ്ങളെ വിമര്‍ശിക്കരുതെന്ന് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് എന്‍.എന്‍.കൃഷ്ണദാസ്. പത്രപ്പരസ്യത്തെ പക്ഷേ കൃഷ്ണദാസ് ആയുധമാക്കുന്നില്ല.