pamplany

മുനമ്പത്തെ ഭൂമിപ്രശ്നം വോട്ട് ബാങ്ക് രാഷ്ട്രീയം മാറ്റിവെച്ച് പരിഹരിക്കണമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മുനമ്പം ജനതയോട് സർക്കാർ കാണിച്ചത് സാമാന്യ നീതിയുടെ ലംഘനമാണ്. അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നതിൽ പ്രതീക്ഷയുണ്ടെന്നും മുനമ്പം സമരപ്പന്തൽ സന്ദർശിച്ച ശേഷം ജോസഫ് പാംപ്ലാനി പറഞ്ഞു. 

 

ഭൂസംരക്ഷസമിതി നടത്തുന്ന നിരാഹാര സമരത്തിന്റെ 32-ാം ദിവസമാണ് തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുനമ്പം സമരപ്പന്തലിൽ എത്തിയത്. 32 ദിവസമായി സമരം ചെയ്യേണ്ടി വരുന്നത് നിയമവാഴ്ചയുള്ള സംവിധാനത്തിന് നാണക്കേടെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു. ഏത് ഭൂമിയിലും അധികാരം ഉണ്ടെന്ന രീതിയിൽ ജനങ്ങളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന വഖഫ് ബോർഡിൻ്റെ രീതി കാട്ടാള നീതിയാണ്. നീതി നടപ്പാക്കുന്നതിൽ നിന്ന് പിൻവലിയുന്നതിൻ്റെ കാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് സംശയിച്ചാൽ ആരെയും കുറ്റം പറയാൻ ആകില്ലെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. 

മുനമ്പത്ത് ബിജെപി വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അത് ഇരുകൂട്ടർക്കും വീഴ്ച പറ്റി എന്നതിന്റെ കുറ്റസമ്മതം ആണെന്നായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രതികരണം. സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ.പി.രാജേന്ദ്രൻ, സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, എറണാകുളം ജില്ലാ സെക്രട്ടറി കെ.എം.ദിനകരൻ എന്നിവരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുനമ്പത്ത് എത്തി.

ENGLISH SUMMARY:

The Archbishop of Thalassery Archdiocese, Mar Joseph Pamplany, stated that the land issue in Munambam should be resolved by setting aside vote-bank politics.