സീപ്ലെയിന്‍ ആനത്താരയ്ക്ക് സമീപം ഇറങ്ങുമ്പോള്‍ മുന്‍കരുതല്‍ വേണമെന്ന് വനംവകുപ്പ്. ശബ്ദം കേട്ട് ആനകള്‍ വിരണ്ട് ജനവാസമേഖലയിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും ടൂറിസ്റ്റുകള്‍ കൂടുതലായി എത്തുമെന്നതിനാല്‍ ജാഗ്രത വേണമെന്നുമാണ് വനംവകുപ്പ് ഇടുക്കി കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സീപ്ലെയിനെ വനംവകുപ്പ് എതിര്‍ക്കുകയല്ലെന്നും മുന്‍കരുതല്‍ സ്വീകരിച്ച് വേണം മുന്നോട്ട്പോകാനെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
എന്നാല്‍ വനംവകുപ്പിന്‍റെ മുന്നറിയിപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എം മണി രംഗത്തെത്തി. ആനയ്ക്ക് വെള്ളംകുടിക്കാന്‍ പറ്റിയില്ലെങ്കില്‍ വനംവകുപ്പ് വെള്ളംകൊടുക്കട്ടെയെന്നും പോയി പണി നോക്കണമെന്നുമായിരുന്നു മണിയുടെ വാക്കുകള്‍. പദ്ധതി കേരളത്തിന്‍റെ അഭിമാനമാണെന്നും തുരങ്കം വയ്ക്കാന്‍ നോക്കേണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിനും പ്രതികരിച്ചു.
ബോള്‍ഗാട്ടിയില്‍ നിന്ന് മാട്ടുപെട്ടിയിലേക്കായിരുന്നു സീപ്ലെയിന്‍റെ ആദ്യ പറക്കല്‍. 30 മിനിറ്റ് കൊണ്ട് സീപ്ലെയിന്‍ മാട്ടുപെട്ടിയിലെത്തി. പരീക്ഷണ പറക്കല്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ഫ്ലാഗ്ഓഫ് ചെയ്തത്. സീപ്ലെയിന്‍ ടൂറിസം മേഖലയിലെ സ്വപ്ന പദ്ധതിയെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. വിവാദങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നും ചര്‍ച്ചയിലൂടെ എല്ലാം പരിഹരിക്കുമെന്നും മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സീപ്ലെയിന്‍ പദ്ധതിയെ ജനകീയ സംവിധാനമാക്കി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.