cm-silent-ias-ips

ഐഎഎസ്–ഐ.പി.എസ് തലപ്പത്തെ ഉന്നതര്‍ നിയമവും ചട്ടവും മറികടന്ന് തോന്നുംപോലെ പ്രവൃത്തിക്കുമ്പോളും കയ്യുംകെട്ടി നോക്കിയിരുന്ന് സര്‍ക്കാര്‍. സമീപമാസങ്ങളില്‍ അഞ്ച് ഉന്നതരാണ് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചത്. ഇതില്‍ എ.ഡി.ജി.പി അജിത്കുമാറിനെ സ്ഥലംമാറ്റിയത് അല്ലാതെ മറ്റൊരു കേസിലും മുഖ്യമന്ത്രി നടപടിക്ക് തയാറായിട്ടില്ല.

2017ല്‍ പിണറായി ഭരണത്തിന്റെ തുടക്കകാലം. അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ നിയന്ത്രിക്കണണമെന്ന് ആവശ്യപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ടഅവധിയെടുത്ത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചു. പിണറായി കുലുങ്ങിയില്ല. Also Read: 'ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും നശിപ്പിച്ചു'; ജയതിലകിനെതിരെ വീണ്ടും പ്രശാന്ത്

ഐഎഎസുകാരെ വരച്ചവരയില്‍ നിര്‍ത്തി കരുത്തനായ മുഖ്യമന്ത്രിയെന്ന വാഴ്ത്തുപാട്ട് ഉറപ്പിച്ച അതേ മുഖ്യമന്ത്രിക്ക് കീഴില്‍ ഇപ്പോഴത്തെ ഉന്നതര്‍ കാട്ടിക്കൂട്ടുന്നതിന്റെ പട്ടികയൊന്ന് നോക്കാം. എഡിജിപി എം.ആര്‍ അജിത്കുമാറില്‍ നിന്ന് തുടങ്ങാം. ആദ്യം ആര്‍എസ്എസ് നേതാക്കളെ ഊഴമിട്ട് കാണല്‍–പിന്നീട് ആരോടും ചോദിക്കാതെ സമാന്തര ഇന്റലിജന്‍സ് ഉണ്ടാക്കല്‍-എല്ലാം ചെയ്തത് മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന വിശേഷണത്തോടെ. ആരോപണ പെരുമഴയായതോടെ സ്ഥലംമാറ്റി മുഖ്യമന്ത്രി തലവേദന തല്‍കാലത്തേക്ക് അവസാനിപ്പിച്ചു.  

അടുത്തത് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്‍–എ.ഡി.എമ്മിന്റെ മരണത്തിലെ ഇടപെടലുകള്‍ മുതല്‍ സര്‍ക്കാറിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായ മൊഴിവരെ പരാതികളുടെ നീണ്ട നിര. എല്ലാം മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് വിശദീകരിച്ചതുകൊണ്ടാവാം അരുണിന്റെ വീഴ്ചപറയുന്ന റവന്യൂ റിപ്പോര്‍ട്ടില്‍ പത്ത് ദിവസത്തിലേറെയായി മുഖ്യമന്ത്രി അടയിരിക്കുകയാണ്. 

ദേശീയതലത്തില്‍ തന്നെ കേരളത്തിന് നാണക്കേടുണ്ടാക്കിയ വ്യവസായവകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനാണ് പട്ടികയിലെ മൂന്നാമന്‍. മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കിയെന്നും കള്ളപ്പരാതി കൊടുത്തെന്നും തെളിഞ്ഞിട്ടും ഗോപാലകൃഷ്ണന് ഇതുവരെ പോറല്‍പോലും ഏറ്റിട്ടില്ല. അച്ചടക്കമില്ലായ്മയുടെ പട്ടികയിലെ പുത്തന്‍ റിലീസാണ് എ.ജയതിലകിനെതിരെ പൊതുമധ്യത്തില്‍ അഴിഞ്ഞാട്ടം തുടരുന്ന എന്‍.പ്രശാന്ത്. അങ്ങിനെ ഉദ്യോഗസ്ഥ പ്രമുഖരെല്ലാം അവര്‍ക്ക് തോന്നിയത് ചെയ്യുമ്പോള്‍ ഇതെല്ലാം നിയന്ത്രിക്കേണ്ട മുഖ്യമന്ത്രിയുടെ കരുത്ത് എവിടേയെന്ന ചോദ്യമാണ് ഉയരുന്നത്.

Google News Logo Follow Us on Google News

ENGLISH SUMMARY:

Five top officials have acted against the government's policy, but the government has yet to take any action against them.