sea-plane

സീപ്ലെയിൻ ടൂറിസത്തിലേക്ക് ചുവട് വച്ച് കേരളം. കൊച്ചിയുടെ ആകാശത്തുനിന്ന് കായൽ പരപ്പിലേക്ക് കുഞ്ഞൻ വിമാനം പറന്നിറങ്ങി. കൊച്ചി കായലിൽ ലാൻഡ് ചെയ്ത സീപ്ലെയിന് വലിയ സ്വീകരണമാണ് ഒരുക്കിയത്. നാളെ കൊച്ചിയിൽ നിന്ന് മൂന്നാർ മാട്ടുപ്പെട്ടി ഡാമിലേക്കാണ് പരീക്ഷണ പറക്കൽ.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Google News Logo Follow Us on Google News

വെള്ളത്തിലും കരയിലും ഇറക്കാൻ സാധിക്കുന്ന ബോട്ടുപോലൊരു ചെറു വിമാനമാണ് സീപ്ലെയിൻ. റീജനൽ കണക്ടിവിറ്റി സ്കീമിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടുമീറ്റർ ആഴം മാത്രമാണ് ലാൻഡിങ്ങിന് ആവശ്യം. ചെറുതുരുത്തുകളിലേക്കും ദീപുകളിലേക്കും എല്ലാം കടന്നു ചെല്ലാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന. 15 സീറ്റുകളാണ് വിമാനത്തിന് ഉള്ളത്. ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും അടിയന്തരഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനും വിമാനം പ്രയോജനപ്പെടുത്താം. വേഗത, ഇന്ധനക്ഷമത എന്നിവയാണ് മറ്റു പ്രത്യേകതകൾ. 

കൊച്ചി രാജ്യന്തര വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ടോടെയായിരുന്നു സ്വീകരണം. ബോൾഗാട്ടി പാലസിലും വിപുലമായ വരവേൽപ്പാണ് സീപ്ലെയിനിനായി ഒരുക്കിയത്. പരീക്ഷണ പറക്കൽ നാളെ രാവിലെ പത്തരയോടെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. കൊച്ചി കായലിൽ നിന്ന് മൂന്നാർ മാട്ടുപ്പെട്ടി ഡാമിലേക്കാണ് ആദ്യം വിമാനം പറന്നിറങ്ങുക. സാധ്യതകൾ അനുകൂലമായാൽ കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സർവീസ് ആരംഭിക്കാനാണ് സർക്കാർ ആലോചന.