kollam-blast-case

TOPICS COVERED

കൊല്ലം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ  പ്രിൻസിപ്പൽ സെഷൻസ് കോടതി മറ്റെന്നാൾ ശിക്ഷ വിധിക്കും. പ്രതികളെ ഓൺലൈൻ മുഖേനയാണ് കോടതിയിൽ ഹാജരാക്കിയത്.  2016 ജൂണ്‍ 15നാണ് കേസിനാസ്പദമായ സംഭവം. മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്‌ഫോടനം. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് പ്രതികള്‍ സ്‌ഫോടനം നടത്തിയത്. സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. 

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പിലും ആ വര്‍ഷം സ്‌ഫോടനം നടന്നിരുന്നു. അൽഖായിദ തലവൻ ഒസാമ ബിൻ ലാദന്‍റെ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരായാണ് പ്രതികൾ രാജ്യത്തെ അഞ്ചു കോടതി വളപ്പുകളിൽ സ്ഫോടനം നടത്തിയതെന്നാണ് കണ്ടെത്തല്‍. ഇതില്‍ മൈസുരു കോടതി വളപ്പിലെ സ്ഫോടനക്കേസ് അന്വേഷണമാണ് കൊല്ലം കേസില്‍ തുമ്പുണ്ടാക്കാന്‍ സഹായകമായത്.  ഷംസൂണ്‍ കരിം രാജയാണ് എല്ലായിടത്തും ബോംബ് സ്ഥാപിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.

നിരോധിത ഭീകരസംഘടനയായ ബേസ്‌ മൂവ്‌മെന്‍റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂൺ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്. ഷംസുദ്ദീൻ എന്ന നാലാം പ്രതിയെയാണ് കോടതി വെറുതേവിട്ടത്. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു. ഈ പ്രതികളെ മൈസൂരു സ്ഫോടനക്കേസിൽ ശിക്ഷിച്ചെങ്കിലും മലപ്പുറം കലക്ടറേറ്റ് സ്ഫോടനക്കേസിൽ വിചാരണ പൂർത്തിയായിട്ടില്ല. ഗൂഢാലോചന, കൊലപാതകശ്രമം, പരുക്കേല്‍പ്പിക്കല്‍, നാശനഷ്ടം വരുത്തല്‍, എന്നിവയ്ക്ക് പുറമേ സ്ഫോടകവസ്തു നിയമവും യുഎപിഎ വകുപ്പുകൾ ഉൾപ്പെടെ പ്രതികള്‍ക്കെതിരെ ചുമത്തിട്ടുള്ളതിനാൽ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ENGLISH SUMMARY:

The Principal Sessions Court will pronounce sentence in the bomb blast case at Kollam Collectorate premises on another day.