പൊന്നാനിയിലെ കൂട്ട ബലാൽസംഗ കേസ് കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍റെ ഗുരുതര ആരോപണം. പൊലീസ് ഉദ്യോഗസ്ഥരെ കുടുക്കാൻ ചാനൽ ഉടമ ആന്‍റോ അഗസ്റ്റിൻ പത്തുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകിയെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസിനും മരം മുറിക്കേസ് അന്വേഷിച്ച ഡിവൈ.എസ്.പി വി.വി.ബെന്നിയ്ക്കും എതിരെയായിരുന്നു ബലാൽസംഗ പരാതി.
അതിജീവതിയെ കാണാൻ പൊന്നാനിയിൽ പോയപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാക്കളും ഇക്കാര്യം സൂചിപ്പിച്ചു. ഇതിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടപ്പോൾ മടങ്ങിപ്പോന്നു. കോടതിയിൽ ഇക്കാര്യം മൊഴിയായി നൽകാൻ തയ്യാറാണെന്ന് ശോഭാ സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു.
മരം മുറി കേസിൽ ആന്‍റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനാണ് വി.വി. ബെന്നി. റിപ്പോർട്ടർ ചാനൽ ഉടമകളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നൽകി. ചാനൽ ഉടമകളുടെ സാമ്പത്തിക സ്രോതസ് ഇ.ഡി. അന്വേഷിക്കണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
വീട്ടിൽ വന്ന് 500 തവണ ഭക്ഷണം കഴിച്ചെന്ന ആന്‍റോയുടെ ആരോപണം ശോഭ നിഷേധിച്ചു. ഹോട്ടൽ മുറി പല തവണ ബുക് ചെയ്തെന്ന ആന്‍റോ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ശോഭ പറഞ്ഞു. തെളിവ് ഹാജരാക്കാൻ ഒറ്റ തന്ത പ്രയോഗവും നടത്തി. വീട്ടിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ നിന്ന് റിപ്പോർട്ടർ , 24 ന്യൂസ് എന്നീ ചാനലുകളെ ശോഭ വിലക്കിയിരുന്നു.