കാലം ചെയ്ത യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ സംസ്കാര ശുശ്രൂഷകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ പത്തരക്ക് കോതമംഗലം ചെറിയ പള്ളിയിൽ കബറടക്ക ശുശ്രൂഷയുടെ പ്രാരംഭ കർമങ്ങൾ ആരംഭിക്കും. ഉച്ചനമസ്കാരത്തിന് ശേഷം ഭൗതികദേഹം വലിയപള്ളിയിലേക്ക് എത്തിക്കും. ഇവിടെ രണ്ടാം ഘട്ട പ്രാർഥനകൾക്ക് ശേഷം രണ്ട് മണിയോടെ പുത്തൻകുരിശിലേക്ക് വിലാപയാത്ര. നാളെ പുത്തൻകുരിശിലെ സഭ ആസ്ഥാനതോട് ചേന്നുള്ള സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലാണ് കബറടക്കം. സംസ്കാര ശുശ്രൂഷകൾക്ക് മുന്നോടിയായി സുന്നഹദോസിന്റെയും വർക്കിങ് കമ്മിറ്റിയുടെയും യോഗവും ഇന്ന് ചേരും. കോതമംഗലത്ത് നൂറ് കണക്കിന് വിശ്വാസികളാണ് ശ്രേഷ്ഠ ബാവക്ക് അന്തിമോപചാരം അർപ്പിച്ചത്.
ശ്രേഷ്ഠ ബാവയുടെ ഓര്‍മ എന്നും നിലനില്‍ക്കുമെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ. യാക്കോബായ സഭ മെത്രൊപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയസിനെ ഫോണില്‍ വിളിച്ച് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ അനുശോചനം അറിയിച്ചു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം കാരണം ഇപ്പോള്‍ വരാന്‍ കഴിയാത്ത സാഹചര്യം അറിയിച്ചു. എത്രയും വേഗം കേരളത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. ശ്രേഷ്ഠ ബാവയുടെ വിയോഗത്തില്‍ സഭാ ആസ്ഥാനത്ത് പ്രത്യേക പ്രാര്‍ഥനയും നടന്നു.