നടപ്പാകുമോ എന്ന് പോലും അറിയാത്ത പദ്ധതിക്കായി സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകാതെ റെയിൽവേ ചതിച്ചത് 2,862 കുടുംബങ്ങളെ. അങ്കമാലി- എരുമേലി ശബരി റെയിൽ പാത പദ്ധതിയ്ക്ക് ഭൂമി വിട്ടുകൊടുത്തവരാണ് 25 വർഷമായി ഊരാക്കുടുക്കിൽ കഴിയുന്നത്.
എറണാകുളം ജില്ലയിലെ അങ്കമാലി മുതൽ കോട്ടയം ജില്ലയിലെ രാമപുരം റെയിൽവേ സ്റ്റേഷൻ വരെ 70 കിലോമീറ്റർ നീളത്തിലാണ് സ്ഥലം ഏറ്റെടുപ്പിന് സർവ്വേക്കല്ലുകൾ നാട്ടിയത്. ഭൂമി വിട്ടുകൊടുത്ത ഉടമകൾക്ക് റെയിൽവേ ഇതുവരെയും നഷ്ടപരിഹാരം നൽകിയിട്ടില്ല.
സർവ്വേക്കല്ല് സ്ഥാപിച്ചതിനാൽ, വസ്തു വിൽക്കാനോ പണയം വയ്ക്കാനോ പുതുക്കിപ്പണിയാനോ കഴിയുന്നില്ല. ഇടിഞ്ഞു പൊളിഞ്ഞ് ഏത് നിമിഷവും നിലം പതിക്കാറായ വീടുകളിലാണ് പലരും കഴിയുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് വസ്തുവിന്മേൽ ലോണെടുത്തവർ ജപ്തി ഭീഷണിയും നേരിടുകയാണ്. മൂവാറ്റുപുഴയിലും കോതമംഗലത്തും മാത്രം 1500 കുടുംബങ്ങളാണ് റെയിൽവേയുടെ ചതിയിൽ ദുരിതമനുഭവിക്കുന്നത്.