മദ്യപിച്ച് കാറോടിച്ച് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച നടന്‍ ബൈജു സന്തോഷ് അറസ്റ്റില്‍. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെളളയമ്പലത്താണ് അപകടം. രക്തപരിശോധനയ്ക്ക് ബൈജു വിസമ്മതിച്ചെങ്കിലും മദ്യത്തിന്റെ മണമുണ്ടെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി . ഒപ്പമുണ്ടായിരുന്ന യുവതി മകളെന്നാണ് ആദ്യം ലഭിച്ച വിവരമെങ്കിലും ഇക്കാര്യം നിഷേധിച്ച മകള്‍ ബന്ധുവാണ് കൂടെയുണ്ടായിരുന്നതെന്നും സമൂഹമാധ്യമത്തില്‍ കുറിച്ചു.
Read Also: മദ്യപിച്ച് വാഹനമോടിച്ച് അപകടം; നടന്‍ ബൈജു അറസ്റ്റില്‍
ഇന്നലെ രാത്രി പതിനൊന്നേമുക്കാലിന് വെളളയമ്പലം ജംങ്ഷനിലാണ് അപകടം. കവടിയാര്‍ ഭാഗത്ത് നിന്ന് മദ്യപിച്ച് അമിത വേഗതയിലെത്തിയ ബൈജുവിന്റെ കാര്‍ ആല്‍ത്തറ ഭാഗത്തുളള വീടിന്റെ വശത്തേയ്ക്ക് തിരിയുന്നിടത്താണ് സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടത്. ഇവിടെ റോഡ് പണിക്കായി റോഡ് അടച്ചത് ശ്രദ്ധിക്കാതെ കാര്‍ തിരിക്കുകയും പിന്നീട് വെട്ടിച്ചപ്പോള്‍ സ്കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു പുല്ലിലേയ്ക്ക് വീണ സ്കൂട്ടര്‍ യാത്രക്കാരന് കാര്യമായ പരുക്കേറ്റില്ല. സ്കൂട്ടറിന്റെ ഭാഗങ്ങള്‍ റോഡില്‍ ചിതറിക്കിടപ്പുണ്ട്.
സമീപത്തെ സിഗന്ല്‍ പോസ്റ്റിലും ഇടിച്ചാണ് വാഹനം നിന്നത്. ബൈജുവിനെ വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തപരിശോധനയ്ക്ക് തയാറായില്ല. മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ടെന്ന് ഡോക്ടര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ കുറിച്ചു. അപകട സമയത്ത് കാറില്‍ ഒരു യുവതി കൂടി ഉണ്ടായിരുന്നു. ഇത് മകളാണ് എന്നാണ് ആദ്യം പ്രചരിച്ചത്. എന്നാല്‍ നിഷേധിച്ച് മകള്‍ തന്നെ രംഗത്തെത്തി. ബൈജുവിന്റെ കസിന്‍റെ മകളാണ് കൂടെയുണ്ടായിരുന്നതെന്നും മകള്‍ ഐശ്വര്യ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് കേസെടുത്ത പൊലീസ് ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു