കോഴിക്കോട് ദേശീയപാത നിർമ്മാണം ബുദ്ധിമുട്ടിലാക്കുന്നത് യാത്രക്കാരെ മാത്രമല്ല, റോഡിനോട് ചേർന്നുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്ന അതിഥിതൊഴിലാളികളെ കൂടിയാണ്. കഴിഞ്ഞ ദിവസത്തെ മഴയില്‍ ശില്‍പങ്ങള്‍ നിർമ്മിക്കുന്ന തൊഴിലാളികളുടെ ഷെഡുകളിലേക്ക് റോഡില്‍ നിന്ന് ചെളിവെള്ളം ഇരച്ചെത്തി. അരലക്ഷം രൂപയിലധികം നഷ്ടമാണ് രണ്ട് തൊഴിലാളി കുടുംബങ്ങള്‍ക്ക് ഉണ്ടായത്.
നവരാത്രിക്കും ദീപാവലിക്കും വരുന്ന ആവശ്യക്കാരെ കാത്ത് ഒരുങ്ങി നില്‍ക്കുന്ന മൂർത്തീ ശില്‍പങ്ങള്‍. രാജസ്ഥാനില്‍ നിന്ന് 20 വർഷത്തോളമായി കേരളത്തില്‍ വിന്ന് താമസമാക്കിയവരാണ് ശില്‍പികള്‍. ഉത്സവകാലം മുന്നില്‍ കണ്ട് അവർ ഒരുക്കിയ നൂറു കണക്കിന് ശില്‍പങ്ങള്‍ക്ക് മുകളിലേക്കാണ് ഒറ്റ മഴയില്‍ റോഡില്‍ നിന്ന് ചെളിവന്ന് നിറഞ്ഞത്.
ശില്‍പങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന വീട്ടുസാധനങ്ങളും പെയിന്‍റും എല്ലാം ചെളിവെള്ളത്തിലായി. നവരാത്രികാലത്തെ വില്പന ചെളിയില്‍ മുങ്ങി. ദേശീയപാത നിർമ്മാണം തുടങ്ങിയതോടെയാണ് റോഡരികിലെ ചാലിലൂടെ ഒഴുകേണ്ടവേള്ളം പാതയ്ക്ക് സമീപത്തെ പ്രദേശത്തേക്ക് ഏന്തി വന്നത്. നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി റോഡരികില്‍ മണ്ണ് കൂട്ടിവെച്ചതും വിനയായി.