chokramudi-action

ഇടുക്കി ചൊക്രമുടി കയ്യേറ്റത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുടേത് ഗുരുതര ചട്ടലംഘനമെന്ന് കണ്ടെത്തല്‍. ദേവികുളം തഹസില്‍ദാര്‍, ബൈസണ്‍വാലി മുന്‍ വില്ലേജ് ഓഫിസര്‍, ഉടുമ്പന്‍ചോല മുന്‍ താലൂക്ക് സര്‍വേയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യും. പട്ടയം റദ്ദാക്കാനും നടപടി ആരംഭിച്ചു. വ്യാജപട്ടയമെങ്കില്‍ ക്രിമിനല്‍ കേസുമെടുക്കും. റവന്യൂഭൂമിയിലാണ് കയ്യേറ്റം നടന്നതെന്നായിരുന്നു ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇത് കഴിഞ്ഞ ദിവസം റവന്യൂമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.

 

സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലയായ ചൊക്രമുടിയിൽ 25 ഏക്കറോളം സ്ഥലം കയ്യേറിയാണ് അനധികൃത നിർമ്മാണത്തിന് തുടക്കമിട്ടത്. കയ്യേറ്റം കണ്ടെത്തി തടയുന്നതിൽ ഉദ്യോഗസ്ഥർക്ക് പിഴവു പറ്റിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പലതവണ പരാതി കിട്ടിയിട്ടും മേഖലയിൽ പരിശോധന നടത്താനോ നടപടിയെടുക്കാനോ റവന്യൂ ഉദ്യോഗസ്ഥർ തയ്യാറായില്ല. നിർമ്മാണ നിരോധനം നിലനിൽക്കുന്ന മേഖലയിൽ വീട് വയ്ക്കാൻ അനുമതി കൊടുത്തതിലും ക്രമക്കേടുണ്ട്.

chokramudi-land

ചൊക്രമുടിയിൽ ഭൂമി കയ്യേറിയ അടിമാലി സ്വദേശി സിബി ജോസഫിന് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി കൊടുത്തതിൽ മുൻ ജില്ലാ കളക്ടർ ഷീബ ജോർജ് അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് സിപിഐ ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കയ്യേറ്റക്കാർക്ക് റവന്യൂ മന്ത്രി ഒത്താശ ചെയ്തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 

ENGLISH SUMMARY:

The Devikulam Tehsildar, former Bisonvalli Village Officer, and former Udumbanchola Taluk Surveyor will be suspended in the Chokramudi encroachment case. Proceedings to cancel the deed have also been initiated.