അജിത്കുമാറിനെ മാറ്റുന്നതില്‍ നിര്‍ണായകമായത് ബിനോയ് വിശ്വത്തിന്‍റെ കത്ത്. ആഭ്യന്തരവകുപ്പ് വിഷയങ്ങളില്‍ സ്വതന്ത്ര നിലപാടെടുക്കുമെന്നാണ് കത്തിന്‍റെ ഉള്ളടക്കം. ബിനോയ് വിശ്വം കത്ത് നല്‍കിയത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്.
എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുപ്പത്തിരണ്ടാം ദിവസമാണ് നടപടിയുണ്ടായത്. ബെറ്റാലിയൻ എ.ഡി.ജി.പിയായാണ് മാറ്റം. ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെതിരായ നടപടി. എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല.
അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം പരാമർശമുണ്ടായിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തള്ളിയിരുന്നു. ഡി.ജി.പി കൈമാറിയ റിപ്പോര്‍ട്ടില്‍ പി.വി.അന്‍വറിന്റെ ഭൂരിഭാഗം ആരോപണങ്ങളും തെളിവില്ലെന്ന് കണ്ട് തള്ളി.
പക്ഷേ ആര്‍.എസ്.എസ് കൂടിക്കാഴ്ച സ്വകാര്യ സന്ദര്‍ശനമെന്ന എ.ഡി.ജി.പിയുടെ വിശദീകരണം തള്ളുകയും കൂടിക്കാഴ്ചയുടെ കാരണത്തില്‍ ഡി.ജി.പി സംശയം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് അജിത്തിന്റെ പടിയിറക്കത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങിയത്.
എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതിന്റെ കാരണം പക്ഷേ മുഖ്യമന്ത്രി പറഞ്ഞില്ല. സ്ഥലംമാറ്റം മാത്രമെന്നായിരുന്നു വാര്‍ത്താക്കുറിപ്പ്. ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും വ്യക്തമാക്കിയില്ല. സര്‍വീസ് ചട്ടപ്രകാരം സ്ഥലംമാറ്റം നടപടിയല്ല.