മലയാള സിനിമയുടെ അമ്മയ്ക്ക് വിട. മലയാളിയുടെ പ്രിയങ്കരിയായ നടി കവിയൂർ പൊന്നമ്മയുടെ ഭൗതിക ശരീരം ആലുവയിലെ വീട്ടിൽ സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. രാഷ്ട്രീയ സാംസ്‌കാരിക ചലച്ചിത്ര മേഖലയിലെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
മലയാള സിനിമയിലെ മൂന്ന് തലമുറകളുടെ നായികയും അമ്മയും മുത്തശ്ശിയും ഒക്കെയായി നിറഞ്ഞഭിനയിച്ച അമ്മ മുഖം അരങ്ങൊഴിഞ്ഞു. കവിയൂർ പൊന്നമ്മ പ്രേക്ഷക മനസ്സിൽ ജ്വലിക്കുന്ന ഓർമയായി മാറി. ആലുവ കരുമാലൂരിലെ വീട്ടിൽ സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.
കവിയൂർ പൊന്നമ്മയുടെ സഹോദരൻ മനോജ് ചിതയ്ക്ക് തീ കൊളുത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും കളമശേരി ടൌൺ ഹാളിലും ഉച്ചവരെ പൊതു ദർശനം. ശേഷം ആലുവയിലെ വീട്ടിലേക്ക്. ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തി. ജനാർദനൻ, മമൂട്ടി, മോഹൻ ലാൽ, സിദിഖ്, സുരേഷ്‌ഗോപി തുടങ്ങിയവരും യുവ താരങ്ങളും അന്ത്യാഞ്ജലി അർപ്പിച്ചു.
ആലുവയിലെ വീട്ടിൽ നാട്ടുകാർ അടക്കം ആയിരങ്ങൾ അരങ്ങിലെ അമ്മയെ കാണാനെത്തി. മന്ത്രിമാരായ പി രാജീവ്, മുഹമ്മദ് റിയാസ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.