ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ പോക്സോ കേസുകള്‍ സ്വമേധയാ റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ്. മറ്റ് ലൈംഗിക ചൂഷണങ്ങളില്‍ കേസെടുക്കുന്നത് മൊഴി നല്‍കിയവരുടെ താല്‍പര്യം അന്വേഷിച്ച ശേഷം മതിയെന്നും തീരുമാനം. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ലഭിച്ചെങ്കിലും ഡിജിറ്റല്‍ തെളിവുകളും മൊഴിപ്പകര്‍പ്പുകളും പൊലീസിന് ഇതുവരെ കൈമാറിയില്ല.
അഞ്ച് വര്‍ഷത്തോളമായി സര്‍ക്കാര്‍ രഹസ്യമാക്കിവെച്ചിരുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹൈക്കോടതി നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിന് ലഭിച്ചു. പക്ഷെ മൊഴിപ്പകര്‍പ്പുകളും ഡിജിറ്റല്‍ തെളിവുകളും ഇതുവരെ കൈമാറിയിട്ടില്ല. ആഭ്യന്തരവകുപ്പിന്റെ കൈവശം രഹസ്യമായി സൂക്ഷിച്ചിരുന്ന സുപ്രധാന തെളിവുകള്‍ ചൊവ്വാഴ്ചയോടെ കൈമാറും. എന്നാല്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വിലയിരുത്തിയ അന്വേഷണസംഘം തുടര്‍നടപടികള്‍ക്ക് മാര്‍ഗരേഖ തയാറാക്കി.
പോക്സോ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്ന മൊഴികളില്‍ നേരിട്ട് കേസെടുക്കാനാണ് തീരുമാനം. അത്തരത്തിലുള്ള രണ്ട് മൊഴികളെങ്കിലുമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അവയുടെ മൊഴിപ്പകര്‍പ്പ് പൂര്‍ണമായും ലഭിച്ച ശേഷമാവും കേസെടുക്കുന്നതില്‍ അന്തിമതീരുമാനം. അതേസമയം മറ്റ് ലൈംഗിക ചൂഷണങ്ങളില്‍ ആദ്യം തന്നെ കേസെടുക്കില്ല. മൊഴി നല്‍കിയവരെ അന്വേഷണസംഘത്തിലെ വനിത ഉദ്യോഗസ്ഥര്‍ ഫോണിലൂടെ ബന്ധപ്പെടും. അവര്‍ക്ക് പരാതിയുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ വിശദമൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കും. അല്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അവരില്‍ നിന്ന് എഴുതിവാങ്ങും. അതിന് ശേഷം ഹൈക്കോടതിയെ അറിയിച്ച ശേഷം തുടര്‍നടപടി തീരുമാനിക്കും.
അതേസമയം നിലവില്‍ പരാതികളുടെ അടിസ്ഥാനത്തില്‍ 23 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മുകേഷും രഞ്ജിത്തും അടക്കം ചിലര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. സിദ്ദിഖും ജയസൂര്യയുമടക്കം പലരുടെയും ജാമ്യാപേക്ഷ കോടതിയില്‍ നിലനില്‍ക്കുകയാണ്. അതിന് ശേഷമെ അറസ്റ്റിന് ശ്രമിക്കു. അല്ലങ്കില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ച് വേഗത്തില്‍ കുറ്റപത്രം നല്‍കാനാണ് ആലോചന.