ഒരുമയുടെയും ഒത്തുചേരലിന്റെയും പ്രതീക്ഷയുടെയും തിരുവോണം പുലര്‍ന്നു. മാവേലി മന്നന്റെ വരവിനും സമ്പല്‍ സമൃദ്ധിയുടെ നാളുകള്‍ നിറയാനും പരസ്പരം സ്നേഹം പങ്കിട്ട് മലയാളി ആഘോഷം ആരവമാക്കുന്ന ദിവസം. കാലമെത്ര മാറിയാലും മാറ്റ് കുറയാതെ മനസുകളില്‍ പത്തോണ പെരുമ അടയാളപ്പെടുത്തിയ നാളുകള്‍.
ഉത്രാട നാളിലെ ഒരുക്കങ്ങൾ പൂര്‍ണതയിലേക്കെത്തുന്ന നേരം കൂടിയാണ് തിരുവോണം. അത്തം പത്തിന് അകൈതവമായ ചന്തം നിരത്തി പ്രകൃതിയുടെ സമ്മാനം. പ്രജകളെ കാണാനെത്തുന്ന മഹാബലി തമ്പുരാൻ ഒരാണ്ടത്തേയ്ക്കുള്ള കരുതല്‍ സമ്മാനിച്ച് മടങ്ങുന്ന മുഹൂര്‍ത്തത്തിനായി. സദ്യവട്ടത്തിനായി കാലേക്കൂട്ടി കരുതിയ വിഭവങ്ങൾ നിറച്ച് കലവറയില്‍ രുചിക്കൂട്ടൊരുക്കാന്‍ മല്‍സരമായി. കാലമെത്ര മാറിയാലും മാറ്റി നിര്‍ത്താനാവാത്ത ശീലങ്ങളുണ്ട്.
നിറയെ വിശേഷങ്ങള്‍ പറയാനുണ്ട്. ഏറെനാള്‍ കാത്തിരുന്നതും ഈയൊരു വരവിനാണ്. നമ്മുടെ ജീവതാളവുമായി ഇത്രയേറെ ചേര്‍ന്നുനില്‍ക്കുന്നവരെ കാത്തിരിക്കുന്ന, ഒത്തു ചേരലിന്റെ നിമിഷങ്ങള്‍ സമ്മാനിക്കുന്ന നാളുകളല്ലേ നമ്മുടെ ഓണം. പാട്ടുണ്ട്. പതിരില്ലാത്ത പറച്ചിലുമുണ്ട്.
ഓണവരവിനൊപ്പം നാക്കിലയില്‍ തുളുമ്പിയിറ്റുന്ന വിഭവങ്ങള്‍ വയറും മനസും നിറയ്ക്കും. ഓലനും പാല്‍പ്പായസക്കൂട്ടും പലകുറി മല്‍സരിച്ച് രുചിഭേദങ്ങളുടെ കലവറ തീര്‍ക്കുന്നതാണ്. സദ്യവട്ടം കഴിഞ്ഞാല്‍പ്പിന്നെ വിനോദങ്ങളുടെ നേരമാണ്. കുട്ടിക്കൂട്ടം ഊഞ്ഞാലാട്ടവും നാടന്‍ പന്തുകളിയുമായി ഉല്ലസിക്കുമ്പോള്‍ തിരുവാതിര മുദ്രയിലാണ് നാരിമാരുടെ ശ്രദ്ധ.സഹ്യനിരകൾക്കപ്പുറം മാമല നാടിന്റെ സ്നേഹവു ചന്തവും നിറയുന്നതാണ് മലയാളികൾക്ക് ഓണമെന്ന പ്രതീക്ഷ. ഓർത്തിരിക്കാനുള്ള ഹൃദയ തുടിയാണ്.