എസ്.എഫ്.ഐ– കെ.എസ്.യു സംഘര്‍ഷത്തെ തുടര്‍ന്ന് കേരളസര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി. വൈകിട്ടു നടന്ന വോട്ടെണ്ണലിനിടെ ബാലറ്റ് പേപ്പര്‍ കാണാതായതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. പി.എം.ആര്‍ഷോയുടെ നേതൃത്വത്തില്‍ എസ്.എഫ്.ഐ ബാലറ്റ് പേപ്പര്‍ വിഴുങ്ങിയെന്നു കെ.എസ്.യുവും ബാലറ്റ് പേപ്പര്‍ കെ.എസ്.യു മോഷ്ടിച്ചെന്നു എസ്.എഫ്.ഐയും ആരോപിച്ചു. സെനറ്റ് ഹാളിലുണ്ടായിരുന്ന കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് വാഹനത്തില്‍ പുറത്തേക്ക് കൊണ്ടുപോയതിനുശേഷമാണ് സംഘര്‍ഷത്തിന് അയവുവന്നത്.
ആദ്യം യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലായിരുന്നു നടന്നത്. ഇതില്‍ എസ്.എഫ്.ഐ വിജയിച്ചു. കൊല്ലം എസ്.എന്‍ കോളജിലെ എസ്.സുമി ചെയര്‍പേഴ്സണായി. അതിനുശേഷം സെനറ്റിലേക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. രണ്ടു സീറ്റിലേക്ക് കെ.എസ്.യു വിജയിച്ചതിനു പിന്നാലെ എസ്.എഫ്.ഐ വോട്ട് വിഴുങ്ങിയെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. എന്നാല്‍ കെ.എസ്.യു ബാലറ്റ് പേപ്പര്‍ മോഷ്ടിച്ച് ക്രമക്കേട് നടത്തിയെന്നു എസ്.എഫ്.ഐ ആരോപിച്ചു
സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ പോയതോടെ കെ.എസ്.യു പ്രവര്‍ത്തകരെ സെനറ്റ് ഹാളിലാക്കി. പുറത്തിറങ്ങിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് സെനറ്റ്ഹാളിനു മുന്നില്‍ പടക്കം പൊട്ടിച്ചു. സെനറ്റ് ഹാളിലെ വാതില്‍ ബലമായി തുറന്നു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അകത്ത് കയറി. പൊലീസ് ബാരിക്കേഡ് തീര്‍ത്തു. പിന്നീട് ബലം പ്രയോഗിച്ച് കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് വാനിലുള്ളിലേക്ക് കയറ്റി. പാഞ്ഞടുത്ത എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വാന്‍ തടഞ്ഞു. പണിപ്പെട്ട് വാന്‍ ഗേറ്റിനു പുറത്തേക്ക് ഇറങ്ങിയതോടെയാണ് സംഘര്‍ഷത്തിനു അയവു വന്നത്. സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കിയതായും യൂണിയന്‍ തെരഞ്ഞെടുപ്പിലെ നടപടിക്രമങ്ങള്‍ പരിശോധിക്കുമെന്നും സര്‍വകലാശാല റജിസ്ട്രാര്‍ അറിയിച്ചു.