വയനാട് വെള്ളാരംകുന്നിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജെൻസന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഉരുൾപൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരന്‍ ജെൻസനുവേണ്ടി കേരളമാകെ പ്രാർത്ഥനയിലാണ്.
ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം എല്ലാവരെയും നഷ്ടപ്പെട്ട ശ്രുതി. ചേർത്ത് പിടിക്കാൻ ആകെയുണ്ടായിരുന്നത് പ്രതിശുത വരൻ ജെൻസൻ മാത്രം. പത്തു വർഷത്തെ പ്രണയത്തിനു പിന്നാലെ ഓണത്തിന് ശേഷം വിവാഹം നടത്താമെന്ന് നിശ്ചയിച്ചതാണ്. ഉരുൾപൊട്ടലുണ്ടാക്കിയ നോവ് പതിയെ മറന്നു തുടങ്ങിയതാണ്. അങ്ങനെയിരിക്കെയാണ് വാഹനാപകടത്തിന്റെ രൂപത്തിൽ വിധി വീണ്ടും വില്ലനായത്..
വെള്ളാരംകുന്നിൽ വെച്ച് ഇന്നലെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജെൻസൺ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാസന്ന നിലയിലാണ്. ആന്തരിക രക്തസ്രവാവവും തലച്ചോറിനേറ്റ പരുക്കും ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ തന്നെ നിലനിർത്തുന്നത്.
കാലിനു പരുക്കേറ്റ ശ്രുതി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്. സാഹചര്യം പ്രതികൂലമാണെങ്കിലും കേരളം പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. ജെൻസൺ ജീവിതത്തിൽ മടങ്ങി വരുന്നത് കാണാൻ, ശ്രുതിയും ജെൻസണും ഒന്നിക്കുന്നത് കാണാൻ.