ആലപ്പുഴ കലവൂരില്‍ കൊല്ലപ്പെട്ട സുഭദ്രയെ അറിയാമെന്ന് മാത്യൂസിന്റെ കുടുംബം. ശർമിളയും സുഭദ്രയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ ഇരുവരും തമ്മിൽ തർക്കമുണ്ടായതായും മാത്യൂസിന്‍റെ കുടുംബത്തിന്‍റെ വെളിപ്പെടുത്തല്‍. സുഭദ്രയൊരു നല്ല സ്ത്രീയാണെന്നും മാത്യൂസിന്‍റെ പിതാവ് ക്ലീറ്റസ് പറയുന്നു.
മാത്യൂസിന്‍റെ വിവാഹത്തിന് മുന്‍പ് ശര്‍മിള അവരെ ആന്‍റി എന്ന പേരില്‍ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിച്ചിട്ടുണ്ടെന്നും ഒരാഴ്ച അവര്‍ വീട്ടിലുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ശര്‍മിള വാങ്ങിയ 7000 രൂപ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുഭദ്ര വീട്ടില്‍ വന്നിട്ടുണ്ടെന്നും 3500 രൂപ വീതം രണ്ട് തവണയായി കൊടുത്ത് താന്‍ ഒഴിവാക്കുകയായിരുന്നുവെന്നും ക്ലീറ്റസ് വെളിപ്പെടുത്തി. മാത്യൂസിനെക്കാളും ശര്‍മിള മദ്യപിക്കുമെന്നും മദ്യമില്ലാതെ ശര്‍മിളയ്ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുവരും തമ്മില്‍ വഴക്കും ബഹളവും പതിവായതോടെ വീട്ടില്‍ നിന്നും ഇറക്കി വിട്ടുവെന്നും പിന്നീട് കയറ്റിയിട്ടില്ലെന്നും കുടുംബം പറയുന്നു. ഒരിക്കല്‍ മാത്യൂസും ശര്‍മിളയുമായി വഴക്കിട്ടപ്പോള്‍ ശര്‍മിള കൈക്കിട്ട് വെട്ടിയെന്നും എന്നാല്‍ ഓലമടല്‍ വെട്ടിയപ്പോള്‍ കൈ മുറിഞ്ഞതാണെന്നാണ് മകന്‍ പറഞ്ഞതെന്നും ക്ലീറ്റസ് ഓര്‍ത്തെടുത്തു. എന്നാല്‍ ശര്‍മിള വെട്ടിയതാണെന്നും അങ്ങനെയാണ് കൈ മുറിഞ്ഞതെന്നും പരിസരവാസികള്‍ പറഞ്ഞ് അറിഞ്ഞുവെന്നും വലത്തേ കൈയിലെ മൂന്ന് ഞരമ്പിന് അന്ന് മുറിവുണ്ടായെന്നും ക്ലീറ്റസ് പറയുന്നു.
അതേസമയം, സുഭദ്രയെ കൊലപ്പെടുത്തിയ കേസില്‍ മാത്യൂസിനെയും ശര്‍മിളയെയും പിടികൂടണമെന്നും തൂക്കി കൊല്ലണമെന്നും മാത്യൂസിന്‍റെ അമ്മ പറയുന്നു. മകനോട് മിണ്ടുന്നതോ, ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതോ ഒന്നും ശര്‍മിളയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി.
കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ മാത്യൂസും ശര്‍മിളയും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. ആലപ്പുഴ കാട്ടൂരില്‍ ദമ്പതികള്‍ കഴിഞ്ഞിരുന്ന വാടക വീട്ടില്‍ നിന്നുമാണ് സുഭദ്രയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. പ്രതികള്‍ക്കായി അയല്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ അന്വേഷണം പുരോഗമിക്കുകയാണ്.
കടവന്ത്ര സ്വദേശിനിയായ സുഭദ്രയെ കഴിഞ്ഞ മാസം നാലാം തീയതി മുതലാണ് കാണാതാകുന്നത്. അമ്മയെ കാണാനില്ലെന്ന് കാട്ടി മകൻ ആറാം തീയതി പൊലീസിൽ പരാതി നൽകി. ഏഴാം തീയതി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സുഭദ്രയുടെ മൊബൈൽഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അവസാനം എത്തിയത് ആലപ്പുഴ കലവൂർ കോർത്തുശേരിയിലാണെന്ന് വ്യക്തമായി. ഇതോടെയാണ് അന്വേഷണം മാത്യൂസിലേക്കും ശര്‍മിളയിലേക്കും എത്തിയത്.