ആറാം ദിവസവും വെളളം കിട്ടാതെ വലഞ്ഞ് തിരുവനന്തപുരം നഗരവാസികള്‍. മേലാറന്നൂര്‍, പൂജപ്പുര തുടങ്ങിയ ഭാഗങ്ങളില്‍ നൂറുകണക്കിന് വീടുകളില്‍ വെള്ളം എത്തിയില്ല. പമ്പിങ് തുടങ്ങി രണ്ട് ദിവസമായിട്ടും എന്തുകൊണ്ട് വെള്ളമെത്തുന്നില്ലെന്ന ചോദ്യത്തിന് ജല അതോറിറ്റിക്ക് കൃത്യമായ ഉത്തരമില്ല.
നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും വെള്ളമെത്തിയെങ്കിലും മേലാറന്നൂരിലെ ഇരുനൂറോളം കുടുംബങ്ങള്‍ ഒരിറ്റ് വെള്ളത്തിനായി കാത്തിരിപ്പ് തുടരുകയാണ്. അത്യാവശ്യങ്ങള്‍ക്കായി റോഡ് വശത്തെ പൊതു ടാപ്പില്‍ നിന്നും ശേഖരിച്ച് കൊണ്ടുപോകണം.
വായു തടസ്സമാണെന്ന് ജല അതോറിറ്റി പറയുന്നു. കുഴിയെടുത്ത് വാള്‍വ് തുറന്നപ്പോള്‍ വെള്ളമുണ്ട്. വീടുകളിലേക്കുള്ള പൈപ്പ് പൊട്ടിയതാകാനും സാധ്യതയുണ്ട്. തൊട്ടടുത്തുള്ള പൂജപ്പുരയില്‍ ആറാം ദിവസവും ഒരിറ്റ് വെള്ളം വീടുകളില്‍ എത്തിയിട്ടില്ല.
പൈപ്പ് മാറ്റുന്ന ജോലി പൂര്‍ത്തിയാക്കി ഞായറാഴ്ച രാത്രിയാണ് പമ്പിങ് തുടങ്ങിയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും എല്ലായിടത്തും വെള്ളം എത്താത്തത് എയര്‍ ബ്ലോക്ക് കൊണ്ട് മാത്രമാണോ....? പൈപ്പ് പൊട്ടിയതും കാരണമാണോ...? ഈ ചോദ്യങ്ങള്‍ക്കൊന്നും ജല അതോറിറ്റിക്ക് ഉത്തരമില്ല.