മലപ്പുറം പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ആറാം ദിവസം കണ്ടെത്തി. ഊട്ടിയില്‍ നിന്നുമാണ് കണ്ടെത്തിയതെന്നും കസ്റ്റഡിയിലുണ്ടെന്നും മലപ്പുറം എസ്.പി ശശിധരന്‍ അറിയിച്ചു. പൊലീസ് കണ്ടെത്തുമ്പോള്‍ വിഷ്ണുജിത്ത് തനിച്ച് താമസിക്കുകയായിരുന്നു. വിഷ്ണുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. വിഷ്ണുവിനെ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് സഹോദരി ജസ്ന പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഓണായതിനെ തുടര്‍ന്ന് യുവാവ് തമിഴ്നാട്ടിലെ കൂനൂരിലുണ്ടെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. ജസ്ന വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തുവെങ്കിലും ഒന്നും സംസാരിക്കാതെ വിഷ്ണുജിത്ത് കട്ട് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് മലപ്പുറത്ത് നിന്നെത്തിയ പൊലീസ് സംഘം തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ ഊര്‍ജിതമായി നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. വിവാഹദിവസത്തിന് നാലുദിവസം മുന്‍പാണ് വിഷ്ണുജിത്തിനെ കാണാതെയായത്. വിവാഹ ദിവസവും കാണാതായതോടെ ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നൽകുകയായിരുന്നു. പാലക്കാടുള്ള സുഹൃത്തിന്റെ കയ്യിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങി തിരികെ പോയെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. വിഷ്ണുജിത്ത് കോയമ്പത്തൂരില്‍ ബസില്‍ സഞ്ചരിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.