ഹേമ കമ്മിറ്റിയിലെ അതീവ ഗുരുതര കണ്ടെത്തലുകളെ രഹസ്യമാക്കാനായി, നിയമത്തെ വളച്ചൊടിച്ച് സര്‍ക്കാര്‍ തീര്‍ത്ത പ്രതിരോധക്കോട്ടയാണ് ഹൈക്കോടതി ഇന്ന് പൊളിച്ചത്. ഇതോടെ അഞ്ച് വര്‍ഷത്തോളമായി സര്‍ക്കാര്‍ മൂടിവച്ച വിവരങ്ങളെല്ലാം കോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണ പരിധിയിലാകും. റിപ്പോര്‍ട്ടിലെ മൊഴികളിലുള്ള അതിപ്രശസ്തന്‍ അടക്കം കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കേണ്ടിവരും.
ഹൈക്കോടതി പൊളിച്ചടുക്കിയത് സര്‍ക്കാരിന്റെ മൂന്ന് വാദങ്ങള്‍. ജസ്റ്റിസ് ഹേമ തന്നെ വിലക്കിയതിനാല്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലന്ന് പറഞ്ഞാണ് സര്‍ക്കാര്‍ നാല് വര്‍ഷവും എട്ട് മാസവും പത്തൊമ്പത് ദിവസവും സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയതും തുടര്‍നടപടി ഒഴിവാക്കിയതും. റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോളും ലൈംഗിക അതിക്രമങ്ങള്‍ സൂചിപ്പിക്കുന്ന 113 പാരഗ്രാഫുകള്‍ വെട്ടിയും സര്‍ക്കാര്‍ രഹസ്യംകാത്തു. ഹൈക്കോടതി ഇടപെട്ടതോടെ അതെല്ലാം അന്വേഷണസംഘത്തിന്റെ മുന്നിലേക്ക്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്ന നിരന്തരം വാദിച്ച സര്‍ക്കാര്‍ അന്വേഷണസംഘത്തെ രൂപീകരിച്ച ശേഷവും പുതിയ പരാതിയില്‍ മാത്രമാണ് കേസെടുത്തത്. ലൈംഗിക അതിക്രമത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍ അന്വേഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് അട്ടിമറിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ നീക്കം. റിപ്പോര്‍ട്ട് പരിശോധിക്കാന്‍ പറഞ്ഞതോടെ ഈ നീക്കവും പൊളിഞ്ഞു. മാധ്യമങ്ങള്‍ വിചാരണ നടത്തുമെന്ന് വാദിച്ച് വിലക്കാനുള്ള നീക്കവും കോടതി തള്ളിയതോടെ സര്‍ക്കാര്‍ മൂടിവച്ച രഹസ്യങ്ങള്‍ വാര്‍ത്തയാകരുതെന്ന ആഗ്രഹവും കോടതി പൊളിച്ചു.
റിപ്പോര്‍ട്ടിലെ 96 ാം പാരഗ്രാഫില്‍ സിനിമയിലെ അതിപ്രശസ്തന്‍ വരെ ലൈംഗിക ചൂഷണം നടത്തിയെന്ന് പറയുന്നുണ്ട്. തുടര്‍ന്നുള്ള വിവരങ്ങളെല്ലാം സര്‍ക്കാര്‍ മറച്ചുവെച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ലഭിക്കുന്നതോടെ ആ അതിപ്രശ്സതന്‍ അടക്കം ആരാണെന്ന് കണ്ടെത്തണം. റിപ്പോര്‍ട്ടില്‍ പൂര്‍ണവിവരങ്ങളില്ലങ്കില്‍ കമ്മിറ്റി അംഗങ്ങളോട് ചോദിച്ചറിയണം. അതോടെ കൂടുതല്‍ പേര്‍ക്കെതിരെ കേസിനും വഴിതെളിയും.