വിവാഹത്തിന് തൊട്ടുമുന്‍പ് കാണാതായ മലപ്പുറം പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനായുള്ള കാത്തിരിപ്പിലാണ് കുടുംബം. വിഷ്ണുജിത്ത് കോയമ്പത്തൂര്‍ വരെ എത്തിയതായി സൂചനയുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാത്രി 7.45 ന് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് കോയമ്പത്തൂര്‍ ബസില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായി. വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനായി പോകുന്നുവെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ യുവാവിനെക്കുറിച്ച് യാതൊരു വിവരവുമില്ല.
ഇതിനിടെ വിഷ്ണുജിത്തിന് ചില സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ വിവരം നല്‍കി. വിവാഹാവശ്യത്തിന് ഒരു ലക്ഷംരൂപ വാങ്ങാനായി വിഷ്ണുജിത്ത് കഞ്ചിക്കോട്ട് വന്നിരുന്നതായി ശരത് എന്ന സുഹൃത്ത് പറഞ്ഞു. നാലാം തീയതി 11.45നാണ് പണം നൽകിയത്. 14ന് തിരിച്ചു നല്‍കാമെന്നാണ് പറഞ്ഞത് എന്ന് ശരത് പറയുന്നു. പണവുമായി പോയതിനു ശേഷം വിഷ്ണുജിത്ത് വിളിച്ചിട്ടില്ലെന്നും വിവരം പൊലീസില്‍ അറിയിച്ചിട്ടുണ്ടെന്നും ശരത് കൂട്ടിച്ചേര്‍ത്തു.
ചെറിയൊരു പ്രശ്നമുണ്ട്, പണം നല്‍കിയില്ലെങ്കില്‍ പ്രശ്നമാണെന്ന് വിഷ്ണുജിത്ത് തന്നോട് പറഞ്ഞിരുന്നതായി സഹോദരിയും വെളിപ്പെടുത്തി. ഒരാൾക്ക് പണം കൊടുക്കാനുണ്ടെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അവരുമായി പ്രശ്നമുണ്ടായതാണോ എന്ന് സംശയിക്കുന്നതായും സഹോദരി പറഞ്ഞു. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ഇന്നലെയാണു വിഷ്ണുജിത്തിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്.
ഉടൻ തിരിച്ചുവരാമെന്നു പറഞ്ഞ് ബുധനാഴ്ച രാവിലെയാണു വിഷ്ണുജിത്ത് വീട്ടിൽനിന്നിറങ്ങിയത്. വിവാഹത്തിനായി കുറച്ചു പണം സംഘടിപ്പിക്കാനുണ്ടെന്നും അതിനായി പാലക്കാട്ടു പോയതാണെന്നും പിന്നീട് വീട്ടിൽ വിളിച്ചറിയിച്ചു. പാലക്കാട് കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണു വിഷ്ണുജിത്ത് ജോലി ചെയ്യുന്നത്. കഞ്ചിക്കോട് ആണ് വിഷ്ണുവിന്റെ ടവർ ലൊക്കേഷൻ അവസാനമായി ലഭിച്ചതും.
പണം ലഭിച്ചെന്നും ബന്ധുവിന്റെ വീട്ടിൽ തങ്ങിയ ശേഷം പിറ്റേന്നു വീട്ടിലെത്താമെന്നും രാത്രി എട്ടരയോടെ അമ്മയെ വിളിച്ചു പറഞ്ഞു. പിന്നീട് വീട്ടിലേക്കു വിളിച്ചിട്ടില്ല. തിരിച്ചു ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ പരിധിക്കു പുറത്താണ്. വ്യാഴാഴ്ച രാവിലെയാണു കുടുംബം പൊലീസിൽ പരാതി നൽകിയത്.