കൂട്ടുകാരെല്ലാവരും ഓണമാഘോഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നന്മയുടെ മാതൃകയുമായി തൃശൂര്‍ അമ്മാടെ സെന്‍റ് ആന്‍റണീസ് സ്കൂളിലെ വിദ്യാര്‍ഥികള്‍. ഡോര്‍ ഓഫ് ചാരിറ്റി പേരിലാണ് പദ്ധതി. പുത്തന്‍ വസ്ത്രങ്ങള്‍ എത്തിച്ച് മറ്റ് കുട്ടികള്‍ക്ക് നല്‍കുന്നതാണ് പദ്ധതി.
തങ്ങളുടെ കൂടെയുള്ളവര്‍ക്ക് ഓണക്കോടിയുമായാണ് വിദ്യാര്‍ഥികളുടെ ഈ വരവ്. ഡോര്‍ ഓഫ് ചാരിറ്റിയുടെ വാതില്‍ ഓണക്കാലത്ത് തുറന്ന് കിടക്കും. കുട്ടികളെത്തിച്ച വസ്ത്രങ്ങള്‍ തരം തിരിച്ച് ഒരു ക്ലാസ് മുറിയില്‍ വെച്ചിട്ടുണ്ട്. ഏത് വിദ്യാര്‍ഥിക്കും വസ്ത്രങ്ങളെടുക്കാം. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവര്‍ക്കും യോജിച്ച വസ്ത്രങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വീട്ടിലുള്ളവര്‍ക്കുവേണ്ടിയും വസ്ത്രമെടുക്കാം. ആവശ്യമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് നിയന്ത്രിക്കാനോ ദൃശ്യങ്ങള്‍ പകര്‍ത്താനോ ആരുമുണ്ടാകില്ല
പദ്ധതി ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി വസ്ത്ര വ്യാപാരികളും രംഗത്തെത്തി. മാതാപിതാക്കളും അധ്യാപകരും വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്. ഇനിയും വസ്ത്രങ്ങള്‍ ലഭിക്കുന്നതനുസരിച്ച് പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാണ് ഇവരുടെ ആഗ്രഹം