ഓണക്കാലത്ത് വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ സപ്ലൈകോ തന്നെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടി.പഞ്ചസാരയ്ക്ക് ആറു രൂപയും തുവരപ്പരിപ്പിന് നാലു രൂപയും അരിക്ക് മൂന്നുരൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കാനിരിക്കെയാണ് സാധാരണക്കാരന്റെ പോക്കറ്റിൽ കൈയിട്ടുവാരാനുള്ള സ്പളൈക്കോയുടെ തീരുമാനം.
ഇത്തവണത്തെ ഏറ്റവും മികച്ച ഓണസമ്മാനം സ്പ്ളൈക്കോയുടെതാണ്. അതിന് അൽപ്പം ഫ്ളാഷ്ബാക്ക് കേൾക്കണം. ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകുമെന്നും അത് തടയാൻ നടപടി വേണമെന്നും സർക്കാരിന് സപ്ളൈക്കോ മുന്നറിയിപ്പ് നൽകിയത് രണ്ടാഴ്ച മുൻപാണ്. തൊട്ടുപിന്നാലെ 225 കോടി കീഴ്മേൽ നോക്കാതെ സർക്കാർ എടുത്ത് സ്പ്ളൈക്കോയ്ക്ക് കൊടുത്തു. പൈസ കിട്ടിയതോടെ സപ്ളൈക്കോയുടെ വിധംമാറി. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് ഭക്ഷ്യസാധനങ്ങളുടെ വില കൂട്ടി.
കിലോയ്ക്ക് 27 രൂപയായിരുന്ന പഞ്ചസാര ഒറ്റയടിക്ക് 33 രൂപയിലേക്കാണ് കുതിച്ചിരിക്കുന്നത്. കുറുവ അരിക്കും മട്ട അരിക്കും മൂന്നൂ രൂപ വീതം കൂട്ടി കിലോയ്ക്ക് 33 രൂപയാക്കി. തുവരപരിപ്പിന് നാല് രൂപയാണ് കൂട്ടിയത്. ആകെ ആശ്വാസം ചെറുപയറാണ്. രണ്ടു രൂപ കുറഞ്ഞു. പച്ചരിയുടെ വില കൂട്ടേണ്ടിവരുമെന്നും മന്ത്രി തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഈ വിലക്കയറ്റിലും ഉത്തരം കിട്ടാത്ത ഒന്നുണ്ട്. ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് വിപണി ഇടപെടലിന്റെ പേരിൽ സർക്കാരിൽ നിന്ന് ഒപ്പിച്ചെടുത്ത 225 കോടി രൂപ എവിടെ പോയി?.