സര്‍ക്കാരിനെയും പൊലീസിനെയും ഗുരുതര പ്രതിസന്ധിയിലാക്കി എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെതിരായ പത്തനംതിട്ട എസ്.പി സുജിത് ദാസിന്റെ സംഭാഷണം. അജിത്കുമാറിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പല കാര്യങ്ങളും നടത്തിയെടുക്കുന്നൂവെന്ന് സുജിത് ദാസ്. എ.ഡി.ജി.പിക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. എന്നാല്‍ സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്ത് തലയൂരാനാണ് സര്‍ക്കാര്‍ നീക്കം.
ക്യാംപ് ഓഫീസില്‍ നിന്ന് മരംമുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ ജീവിതകാലം മുഴുവന്‍ കടപ്പെട്ടവനായിരിക്കുമെന്ന് പി.വി.അന്‍വര്‍ എം.എല്‍.എയോട് താണുകേണ് കെഞ്ചുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍. കാക്കിയിട്ടവര്‍ക്കാകമാനം നാണക്കേടായി മാറിയ സുജിത് ദാസിന്റെ സംഭാഷണത്തില്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍.
പി.ശശി വഴി മുഖ്യമന്ത്രിക്ക് ഏറ്റവും വേണ്ടപ്പെട്ട ഉദ്യോഗസ്ഥനാണ് അജിത്കുമാര്‍. ഡി.ജി.പിയുടെ നിര്‍ദേശം പോലും പലതവണ അവഗണിച്ചിട്ടും നടപടിയെടുക്കാന്‍ ആര്‍ക്കും ധൈര്യംവന്നിട്ടില്ല. ശശിയും അജിത്കുമാറും ഒരുമിച്ച് അഴിമതി ചെയ്യുന്നൂവെന്ന് മറ്റൊരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ആരോപണം ഭരണകക്ഷി എം.എല്‍.എ ശരിവെക്കുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും ഒരുപോലെ സംശയനിഴലിലാകുന്നു. പ്രതിപക്ഷം ശക്തമായ അന്വേഷണവും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ കാര്യങ്ങള്‍ നടത്തുന്ന അജിത് കുമാര്‍ പൊലീസില്‍ സര്‍വശക്തന്‍ എന്നതാണ് എസ്പിയുടെ പ്രധാന ആരോപണം. പൊലീസില്‍ ശക്തമായിരുന്ന ഐജി പി.വിജയനെ തകര്‍ത്തത് അജിത് കുമാറാണ്. അജിത്കുമാറിന്‍റെ ഭാര്യാസഹോദരങ്ങള്‍ക്ക് എന്താണ് ജോലിയെന്ന് അന്വേഷിക്കണമെന്നും സുജിത് ദാസ് എംഎല്‍എയോട് പറയുന്നു.
അജിത് കുമാര്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് അന്‍വര്‍ പറയുമ്പോള്‍ എംഎല്‍എക്ക് മാത്രമല്ലേ ആ വിചാരമുള്ളൂവെന്ന് സുജിത് ദാസ് പറയുന്നു. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയില്‍നിന്ന് മരം മുറിച്ചുകടത്തിയെന്ന പരാതി പിന്‍വലിക്കണമെന്നും സുജിത് ദാസ് എംഎല്‍എയോട് അപേക്ഷിക്കുന്നു. പരാതി പിന്‍വലിച്ചാല്‍ സര്‍വീസിലുള്ളിടത്തോളം കടപ്പെട്ടിരിക്കുമെന്നും സഹോദരനായി കണണമെന്ന് അപേക്ഷിക്കുന്നതും പുറത്തായ ഓഡിയോ ക്ലിപ്പിലുണ്ട്.
സംഭാഷണം പുറത്തുവന്നതിന് പിന്നാലെ അജിത്കുമാറിനെ നേരില്‍കണ്ട് വിശദീകരിച്ച് തൊപ്പികാക്കാന്‍ സുജിത് ദാസ് ശ്രമിച്ചു. പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തെ ഓഫീസിലെത്തിയ സുജിതിനെ കാണാന്‍കൂട്ടാക്കാതെ അജിത്കുമാര്‍ തിരിച്ചയച്ചു. അജിത്കുമാറിനും പി.ശശിക്കുമെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പേടിച്ചിട്ട് ആഭ്യന്തരവകുപ്പ് വിശദ അന്വേഷണം പ്രഖ്യാപിച്ചേക്കില്ല. അച്ചടക്കലംഘനം ആരോപിച്ച് സുജിതിന്റെ തൊപ്പി തെറിപ്പിച്ച് വിഷയം അവസാനിപ്പിക്കാനാണ് തിരക്കിട്ട നീക്കം.