കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് മന്ത്രി പി. രാജീവ് മനോരമന്യൂസ് കോണ്‍ക്ലേവില്‍. വ്യാവസായികപരമായും വിദ്യാഭ്യാസപരമായും മാറ്റം പ്രകടമാണ്. സംസ്ഥാനത്തിന്‍റെ ആഭ്യന്തര വരുമാനം 48 ശതമാനം വര്‍ധിച്ചു. പക്ഷേ കേന്ദ്രസഹായത്തില്‍ വര്‍ധനവുണ്ടായില്ലെന്നും ഇതേത്തുടര്‍ന്ന് ഉടലെടുത്ത ധനപ്രതിസന്ധി സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 40000 കോടിയുടെ നിക്ഷേപം മൂന്ന് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ വന്നുവെന്നും വിദ്യാഭ്യാസ റാങ്കിങില്‍ മുന്നിലാണെന്നും മന്ത്രി വെളിപ്പെടുത്തി.
അതേസമയം, വികസനത്തിലേക്കുള്ള യാത്രയില്‍ കേന്ദ്രസഹായം മതിയായ രീതിയില്‍ ലഭ്യമായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2022 ഡിസംബര്‍ 14 നാണ് വ്യാവസായിക ഇടനാഴിക്കായി 3815 കോടി അനുവദിച്ചത്. ഇത് ലഭിക്കുന്നതിനായി ഒരുവര്‍ഷത്തിലേറെ സംസ്ഥാനത്തിന് കാത്തിരിക്കേണ്ടി വന്നു. ഇതില്‍ 50 ശതമാനം സംസ്ഥാനത്തിന്‍റെ പങ്കാണ്. അത് കേരളം ചെലവഴിച്ച് കഴിഞ്ഞുവെന്നും രാജീവ് വ്യക്തമാക്കി.
മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഏതെങ്കിലും ഫാക്ടറി തൊഴിലാഴികള്‍ അടിച്ചു തകര്‍ത്തോ? മാനേജ്മെന്‍റില്‍ ആക്രമിച്ചിട്ടുണ്ടോ? കേരളത്തില്‍ ഐടി വ്യവസായം പ്രവര്‍ത്തിക്കുന്നില്ലേ? കിന്‍ഫ്ര പ്രവര്‍ത്തിക്കുന്നില്ലേയെന്നും മന്ത്രി ചോദ്യമുയര്‍ത്തി.