ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ തയ്യാറാണെന്ന ഷാജി എന്‍ കരുണിന്റെ പ്രസ്താവനയ്ക്കെതിരെ നടി പാര്‍വതി തിരുവോത്ത്. ഒരു സ്ത്രീ ചുമതലയേറ്റെടുത്തു എന്ന് കരുതി ലോകം അവസാനിക്കില്ല. ബീന പോള്‍ ഫോര്‍ ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സന്‍ എന്ന് പറഞ്ഞാണ് പാര്‍വതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
ബീന പോളിനെ തഴഞ്ഞ് ഷാജി എന്‍ കരുണിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്രയും മഹാമനസ്കതയൊന്നും ആവശ്യമില്ലായിരിക്കും സര്‍. ഈ സ്ഥാനത്തേക്ക് വരാന്‍ എല്ലാ യോഗ്യതയുമുള്ള വ്യക്തി തന്നെ ആ സ്ഥാനത്തേക്ക് എത്തുന്നു എന്ന് നിങ്ങള്‍ക്ക് ഉറപ്പുവരുത്താനും കഴിയും. ഒരു സ്ത്രീ ചുമതലയേറ്റെടുത്തു എന്ന് കരുതി ലോകം അവസാനിക്കില്ല, പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു സ്ത്രീ എത്തുന്നതാണ് ഉചിതം എന്ന നിലയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ബീനാ പോളിന്റെ പേരാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഐഎഫ്എഫ്കെ ഡയറക്ടറായി ഏറെ നാള്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്താണ് ബീന പോളിന് അനുകൂലമായി പറയുന്നത്.