ചലച്ചിത്ര അക്കാദമി മുൻ ചെയർമാന്‍ രഞ്ജിത്തിനെതിരായ കേസ് പ്രത്യേക സംഘം ഇന്ന് ഏറ്റെടുക്കും. എറണാകുളം നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് അന്വേഷണ സംഘത്തിന് കൈമാറുന്നത്. എസ്.പി ജി.പൂങ്കുഴലി ഈ കേസിന്റെ ചുമതല വഹിക്കും.
പരാതിക്കാരിയുടെ വിശദമൊഴി രേഖപ്പെടുത്തുകയാണ് ആദ്യ നടപടി. അതിനുശേഷം സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തും. രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് പരാതി നൽകിയ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും നീക്കമുണ്ട്. മജിസ്ട്രേറ്റിനു മുന്നിൽ നൽകുന്ന രഹസ്യമൊഴി ഇല്ലെങ്കിൽ വർഷങ്ങൾക്കു മുന്‍പുള്ള സംഭവമായതിനാൽ കേസ് നിലനിൽക്കില്ല എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ബംഗാളിൽ ഉള്ള പരാതിക്കാർക്ക് കൊച്ചിയിലെ കോടതിയിൽ നേരിട്ട് ഹാജരാകാതെ ഓൺലൈൻ വഴി മൊഴിയെടുക്കാൻ ആകുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനുള്ള സമയം നീണ്ടു പോയാൽ രഞ്ജിത്തിന് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനുള്ള അവസരം ലഭിക്കും.