chalachitra-academy-ranjith

രഞ്ജിത്തിന് പകരം സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് പുതിയ ആളെ നിയമിക്കുന്നത് വൈകും. നിലവിലെ ഭരണ സമിതിയുടെ കാലാവധി ജനുവരിയില്‍ അവസാനിക്കുന്നതിനാല്‍ ഭരണസമിതി അപ്പാടെ ഇപ്പോള്‍ പുനഃസംഘടിപ്പിക്കില്ല. പുതിയ ചെയര്‍മാനെ നിയോഗിക്കുന്നെങ്കില്‍ത്തന്നെ സി.പി.എമ്മിലും ഇടതുമുന്നണിയിലും സമവായം ഉണ്ടാക്കിയശേഷം മാത്രമാകുമെന്നും അറിയുന്നു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനമൊഴിയേണ്ടിവന്ന രഞ്ജിത്തിന് പകരം തിരക്കിട്ട് പുതിയൊരാളെ നിയോഗിക്കേണ്ടതില്ലെന്നാണ് സാംസ്കാരിക വകുപ്പിന്റെ തീരുമാനം. രഞ്ജിത്തിന് പകരം ഒരുവനിത ചെയര്‍മാന്‍ സ്ഥാനത്തുവരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ നിലപാട്. ഡിസംബര്‍ രണ്ടാംവാരം വരുന്ന രാജ്യാന്തര ചലച്ചിത്രമേളയാണ് ഇനി ചലച്ചിത്ര അക്കാമിയുടെ മുന്നിലുള്ള പ്രധാന പരിപാടി. അതിനുമുമ്പ് പുതിയ ചെയര്‍മാനെ നിയോഗിക്കുമോയെന്നാണ് ചോദ്യം. കാരണം നിലവിടെ ഭരണ സമിതിയുടെ മൂന്നുവര്‍ഷ കാലാവധി ജനുവരിയില്‍. അവസാനിക്കും. 2022 ജനുവരി ആറിനാണ് രഞ്ജിത് ചെയര്‍മാനായി നിലവിലെ ഭരണ സമിതിയെ നിയോഗിച്ച് ഉത്തരവായത്.

കാലാവധി തീരുമ്പോള്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അപ്പാടെ പുനഃസംഘടിപ്പിച്ചാല്‍ മതിയെന്നാണ് ഒരുവാദം. രാജ്യാന്തര ചലച്ചിത്രമേളയുടെ നടത്തിപ്പിന് സ്ഥിരം സംവിധാനമുള്ളതിനാല്‍ ഇപ്പോഴത്തെ സംവിധാനം തുടരാനാണ് ആലോചന. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലാണ്. രഞ്ജിത്തിന് പകരക്കാരനെ നിയോഗിക്കുന്നുണ്ടെങ്കില്‍ത്തന്നെ സിപിഎമ്മിലും തുടര്‍ന്ന് ഇടതുമുന്നണിയിലും ചര്‍ച്ചചെയ്ത് സമവായമുണ്ടായശേഷം മതിയെന്നാണ് സാംസ്കാരിക വകുപ്പിന്റെ നിലപാട്. രഞ്ജിത്തിനെതിരെ സി‌പി‌ഐയില്‍ നിന്നുള്‍പ്പടെ നിശിത വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്.

ENGLISH SUMMARY:

The appointment of new chairman in the kerala state chalachitra academy will be delayed