ലൈംഗിക ചുവയോട് കൂടിയ പെരുമാറ്റം ഉണ്ടായെന്ന ആരോപണം ഉയര്‍ന്നിട്ടും സംവിധായകന്‍ രഞ്ജിത്തിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാന് എതിരെ നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്. സാംസ്കാരിക മന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തിനോട് നോക്കി പല്ലിളിക്കുകയാണെന്ന് സാന്ദ്രാ തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് ശ്രീ രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവണ്മെന്റ് പുറത്താക്കുകയോ ചെയ്യണം. ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ച ശ്രീ രഞ്ജിത്തിനെ 'മഹാപ്രതിഭ ' എന്ന് പറഞ്ഞു സംരക്ഷിക്കാൻ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ രാജി വെക്കുകയും ചെയ്യണമെന്ന് സാന്ദ്രാ തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാ പ്രതിഭ പൊതുസമൂഹത്തിനു മുന്നിൽ വന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷനെതിരേ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ട് ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക  മന്ത്രി  അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണ്, സാന്ദ്രാ തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ENGLISH SUMMARY:

Actress and producer Sandra Thomas is against Culture Minister Saji Cherian, who has taken a stance in support of director Ranjith despite sex allegations.