ബംഗാളി ചലച്ചിത്ര നടി ശ്രീലേഖ മിത്രയുടെ ആരോപണം തെളിഞ്ഞാല്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് വനിതാ കമ്മിഷന്‍. പരാതി കിട്ടിയാലേ കേസെടുക്കാനാവൂ എന്ന മന്ത്രി സജി ചെറിയാന്‍റെ വാദം വനിതാ കമ്മിഷന്‍ അധ്യക്ഷ സതീദേവി തള്ളി. പരസ്യമായി മാധ്യമങ്ങളിലൂടെ നടി ആരോപണം ഉന്നയിച്ചിട്ടുണ്ട്. പരാതി വേണമെന്നില്ല, വിവരം കിട്ടിയാല്‍ കേസെടുക്കാം. പരാതി നടി ഉന്നയിച്ചുവെന്ന് വ്യക്തമായ പക്ഷം അതിന്‍മേല്‍ അന്വേഷണവും നടപടിയും ഉണ്ടാവണമെന്നും അവര്‍ പറഞ്ഞു. ആരോപണത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്നും സതീദേവി മാധ്യമങ്ങളോട് വ്യക്തമാക്കി.
തൊഴിലിടത്തില്‍ വച്ച് അനുഭവിച്ച പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഉയര്‍ന്ന് വരുമ്പോള്‍ നല്ല രീതിയിലുള്ള അന്വേഷണം നടത്തി എത്ര ഉന്നതസ്ഥാനത്തുള്ള വ്യക്തിയാണെങ്കിലും നടപടിയെടുക്കണമെന്നാണ് വനിതാ കമ്മിഷന്‍റെ നിലപാട്. ആരോപണവിധേയന്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന വസ്തുതകള്‍ പുറത്തുവന്നാല്‍ അധികാരസ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിക്കരുതെന്നും വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ സഹിച്ച് കഴിയാതെ ആത്മവിശ്വാസത്തോട് കൂടി പരാതിയുമായി മുന്നോട്ട് വരാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്നും സതീദേവി പറഞ്ഞു.