സിപിഎം മുഖപത്രത്തിന്‍റെ പ്രചാരണത്തിനായി സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ എടുത്തു കടക്കെണിയിലായ കൂടുതൽ പേർ ജില്ലാ നേതൃത്വത്തെ സമീപിക്കുന്നു. ആലപ്പുഴ പള്ളിപ്പുറം സി പി എം മുൻ ലോക്കൽ കമ്മിറ്റി അംഗം ജോസ് മാത്യുവിന്റെ ആത്മഹത്യക്ക് പിന്നാലെയാണ് വായ്പാ വിവാദം വീണ്ടും തല പൊക്കുന്നത്. കുടിശ്ശിക തീർക്കാൻ ചിട്ടിയിൽ ചേർക്കുന്നത് ബാധ്യത ഇരട്ടിപ്പിക്കുന്നു എന്നും ആരോപണമുണ്ട്.
സിപിഎം മുഖപത്രത്തിന് വരിക്കാരെ ചേർക്കാൻ പള്ളിപ്പുറം മേഖലയിലെ പാർട്ടി പ്രവർത്തകർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നു. ജോസ് മാത്യു ഉൾപ്പെടെ 12 പേരാണ് 2017 ൽ ഇങ്ങനെ വായ്പ എടുത്തത്. മൂന്നു പേരുള്ള ഗ്രൂപ്പിന് പരസ്പര ജാമ്യത്തിൽ വായ്പ ലഭിച്ചു. ഇതിൽ ഏഴു പേർ പണം തിരിച്ചടച്ചു. ജോസ് മാത്യു ഉൾപ്പെടെയുള്ള ഗ്രൂപ്പിൽ രണ്ടുപേർ പണം തിരിച്ചടച്ചെങ്കിലും ഒരാൾ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് ജപ്തി നോട്ടീസ് വന്നത്. പാർട്ടി മുഖപത്രത്തിന് വരിക്കാരെ ചേർക്കാൻ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ്പെടുത്ത് കടക്കണിയിലായ നിരവധി പേർ പരിഹാരം ആവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തെ സമീപിച്ചെന്നാണ് സൂചന. പ്രവർത്തകർക്ക് വീണ്ടും ബാധ്യതയുണ്ടാകും വിധം ചിട്ടിയിൽ ചേർന്ന് കുടിശ്ശിക തീർക്കുന്നതിനെതിരെയും വിമർശനമുയർന്നിട്ടുണ്ട്. ജീവനൊടുക്കിയതിന് പിന്നാലെ ബാധ്യത അവസാനിപ്പിക്കാൻ ജോസ് മാത്യു പാർട്ടി ജില്ലാ സെക്രട്ടറിക്ക് എഴുതിയതെന്ന പേരിൽ കത്ത് പ്രചരിച്ചിരുന്നു. മാസങ്ങൾക്ക് മുൻപ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ വിഷയം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് വിവാദമായിരിന്നു. പരാതികൾ ഉടൻ പരിഹരിക്കും എന്നാണ് ജില്ലാ നേതൃത്വം നൽകുന്ന വിശദീകരണം. കൂടുതൽ പേർ പരാതിയുമായി എത്തിയാൽ പാർട്ടി ജില്ലാ നേതൃത്വം പ്രതിസന്ധിയിലാകും. ജില്ലയിലെ പ്രശ്നം പരിഹരിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം ഇടപെടുമെന്നാണ് സൂചന.