തിരുവനന്തപുരത്തു നിന്ന് കാണാതായ കുട്ടിയെ യാതൊരു അപകടവും കൂടാതെ തിരിച്ചുകിട്ടിയതില്‍ വളരെ സന്തോഷം തോന്നുന്നെന്ന് അന്വേഷണത്തില്‍ സഹായിച്ച ബബിത. ഒരുപാട് പ്രാര്‍ത്ഥിച്ചിരുന്നു കുഞ്ഞിനെ കിട്ടണേയെന്നും ബബിത പറയുന്നു. ചൊവ്വ ഉച്ചക്കാണ് കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ കയറിയത്. ഈ ട്രയിനില്‍വച്ചാണ് യാത്രക്കാരിയായ ബബിത കുട്ടിയെ കാണുന്നത്.

ബബിതയുടെ വാക്കുകളിലേക്ക്...

‘കുട്ടിയെ തിരിച്ചുകിട്ടിയതില്‍ വളരെ സന്തോഷം തോന്നുന്നു. ഒരുപാട് പ്രാര്‍ത്ഥിച്ചിരുന്നു. രാത്രി മൂന്നു മണിക്ക് ന്യൂസ് എടുത്ത് നോക്കിയപ്പോളാണ് കുഞ്ഞിനെ കാണാനില്ലെന്നറിയുന്നത്. ഫോട്ടോ കണ്ടപ്പോളാണ് മനസിലായത് ട്രെയിനില്‍ കണ്ട കുട്ടിയാണെന്ന്. അങ്ങിനെയാണ് പൊലീസില്‍ അറിയിക്കുന്നത്. എടുത്ത ഫോട്ടോയും അയച്ചുകൊടുത്തു. കുട്ടിയെ കണ്ടപ്പോള്‍ തന്നെ വിഷമിച്ചിരിക്കുകയാണെന്ന് തോന്നി. കയ്യില്‍ പൈസ മുറികെ പിടിച്ചിട്ടുണ്ടായിരുന്നു. വെറുതേ ഫോട്ടോ എടുത്തതാണ്. ഫോട്ടോ എടുത്തപ്പോള്‍ കുട്ടിക്ക് ദേഷ്യം തോന്നി. നമ്മുടെ ഭാഷയല്ല എന്ന് മനസിലായി. തമിഴും മറ്റ് ഭാഷകളും സംസാരിക്കുന്നവര്‍ പുറകിലിരിപ്പുണ്ടായിരുന്നു. അവരുടെ കുട്ടിയായിരിക്കാം, മാറി വന്ന് ഇവിടെ ഇരിക്കുന്നതാണെന്നേ കരുതിയുള്ളൂ. അതുകൊണ്ടാണ് സംസാരിക്കാന്‍ ശ്രമിക്കാഞ്ഞത്. കാണാതായ കുട്ടിയാണെന്ന് സ്വപ്നത്തിലേ വിചാരിച്ചില്ല’

അതേസമയം, എന്തുകൊണ്ടാണ് ഇന്നലെയൊന്നും മുഖം കാണിക്കാഞ്ഞത് എന്ന ചോദ്യത്തിന് എന്നെ കാണുന്നതിലല്ലല്ലോ കുട്ടിയെ കണ്ടെത്തുന്നതിലല്ലേ പ്രാധാന്യം അതുകൊണ്ടാണ് മുഖം കാണിക്കാതിരുന്നത് എന്നാണ് ബബിത പറയുന്നത്. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരത്ത് മെഡിക്കല്‍ കോഡിങ് പഠിക്കുകയാണ് ബബിത.

ചെന്നൈ താമ്പരത്തുനിന്ന് ബംഗാളിലേക്ക് പോകുന്ന ട്രെയിനില്‍ നിന്ന് മലയാളി കൂട്ടായ്മയാണ് കുട്ടിയെ കണ്ടെത്തിയത്. രാത്രി പത്തുമണിയോടെ കണ്ടെത്തിയ കുട്ടിയെ ആര്‍പിഎഫിെന ഏല്‍പിക്കുകയായിരുന്നു. ആര്‍പിഎഫ് കുട്ടിയെ ചൈല്‍ഡ് ലൈനിന് കൈമാറി.

കുട്ടിയെ കണ്ടെത്തുമ്പോള്‍ ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു. അനിശ്ചിതത്വവും ആശങ്കയും നിറഞ്ഞ 37 മണിക്കൂറുകൾക്ക് ശേഷമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ നാളെ വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള പൊലീസ് സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Babita, who helped in the investigation, said that she felt very happy that the missing child was recovered from Thiruvananthapuram without any danger.