കഴക്കൂട്ടത്തുനിന്ന് കാണാതായ പതിമൂന്ന് വയസുകാരി തസ്മീത്ത് ബീഗത്തെ തിരഞ്ഞ് വ്യാപക പരിശോധന. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. അസമില്‍ നിന്നുള്ള പതിമൂന്നുകാരി അമ്മയോട് പിണങ്ങി ഇന്നലെ രാവിലെയാണ് കഴക്കൂട്ടത്തെ വീട്ടില്‍ നിന്നും ഇറങ്ങിയത്. 50 രൂപയും വസ്ത്രങ്ങള്‍ അടങ്ങിയ ബാഗും മാത്രമാണ് കുട്ടിയുടെ കയ്യിലുള്ളത്
പെണ്‍കുട്ടിയെക്കുറിച്ച് വിവരങ്ങള്‍ തേടി നഗരത്തിലെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. മലയാളം അറിയാത്ത അസാമീസ് പെണ്‍കുട്ടി അധിക ദൂരം പോകില്ല എന്നാണ് പൊലീസ് കരുതുന്നത്. നേരത്തെ തിരുവനന്തപുരത്തുനിന്ന് അസമിലേക്കുള്ള അരോണയ് എക്സ്പ്രസ്സിൽ കുട്ടി ഉണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാടെത്തിയ ട്രെയിനില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. എന്നാല്‍ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഈ ട്രെയിന് കോയമ്പത്തൂരില്‍ എത്തിയപ്പോഴും പരിശോധിച്ചെങ്കലും ശ്രമം വിജയിച്ചില്ല.
ഇതിന് പിന്നാലെ തിരുവനന്തപുരം നഗരത്തില്‍ പരിശോധന കര്‍ശനമാക്കി. രണ്ടാഴ്ച മുന്‍പ് മാത്രമാണ് പെണ്‍കുട്ടി കേരളത്തിലെത്തുന്നത്. അതുകൊണ്ട് തന്നെ തിരുവനന്തപുരം നഗരത്തെ പറ്റി വ്യക്തമായ ധാരണ കുട്ടിക്ക് ഇല്ലന്നാണ് കരുതുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ടെക്നോ പാര്‍ക്കിന് സമീപത്തെ കടകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. വാഹനങ്ങളിലും പരിശോധന കര്‍ശനമാക്കി. രാവിലെ 9.38ന് വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടിയെ സമീപ പ്രദേശങ്ങളില്‍ എല്ലാം രക്ഷിതാക്കള്‍ തിരഞ്ഞിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്.
വിവരം ലഭിക്കുന്നവര്‍ അറിയിക്കേണ്ട നമ്പര്‍ : 94979 60113