File photo
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമെന്ന് നടി രേവതി. റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഇത്രയും കാലതാമസം വേണ്ടിയിരുന്നില്ല. പഠനം നടത്തിയത് നല്ലകാര്യമാണെന്നും റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ഉറപ്പാക്കാന്‍ ഡബ്ല്യു.സി.സി ഇടപെടുമെന്നും രേവതി മനോരമ ന്യൂസിനോട് പറഞ്ഞു.
സിനിമാമേഖലയില്‍ സര്‍ക്കാരും സംഘടനകളും ചേര്‍ന്ന് മാറ്റം ഉറപ്പാക്കണമെന്നായിരുന്നു സംവിധായിക അഞ്ജലി മേനോന്‍റെ പ്രതികരണം. പവര്‍ ഗ്രൂപ്പുകളെ അഴിച്ചുപണിയണം. മൊഴികള്‍ പ്രകാരം നിയമനടപടി വണോയെന്ന് തീരുമാനിക്കേണ്ടത് പരാതിക്കാരാണെന്നും ഡബ്ല്യു.സി.സി അവരെടുക്കുന്ന തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നും അഞ്ജലി മേനോന്‍ മനോരമന്യൂസിന്‍റെ കൗണ്ടര്‍ പോയിന്‍റില്‍ വ്യക്തമാക്കി.
അതേസമയം, ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയമിച്ച ഹേമ കമ്മിഷന്‍റെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ പ്രശ്നപരിഹാരത്തിന് ഉതകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീസംരക്ഷണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നടിമാര്‍ പരാതി നല്‍കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ വിശദീകരിച്ചത്. രണ്ടുമാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും സിനിമ, സീരിയല്‍ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും വിശദമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.