ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരുന്നത് തടയാൻ അവസാന നിമിഷവും ഹൈക്കോടതിയിൽ നടന്നത് തിരക്കിട്ട നീക്കങ്ങൾ. അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയതോടെ മണിക്കൂറുകൾക്കകം നടി രഞ്ജിനി സിംഗിൾ ബെഞ്ചിന് മുന്നിൽ ഹർജി സമർപ്പിച്ചു. റിപ്പോർട്ട് പുറത്തുവിടാം എന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ അപ്പീൽ നൽകിയെങ്കിലും ഉച്ചയ്ക്കുശേഷം ഡിവിഷൻ ബെഞ്ചിന് സിറ്റിങ് ഇല്ലാതിരുന്നത് തിരിച്ചടിയായി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ നാടകീയ രംഗങ്ങൾക്കാണ് കേരള ഹൈക്കോടതി ഇന്ന് സാക്ഷിയായത്. രാവിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് ആദ്യം പരിഗണിച്ചത്  നടി രഞ്ജിനിയുടെ അപ്പീലായിരുന്നു. കേസെടുത്തപ്പോൾ തന്നെ റിപ്പോർട്ട് പുറത്തുവിടരുതെന്ന തൻ്റെ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ  അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്ന് നിർമാതാവ് സജിമോൻ പാറയിൽ അറിയിച്ചു. തുടർന്ന് ഇരു അപ്പീലുകളും 12 മണിക്ക് പരിഗണിക്കാൻ മാറ്റി. അപ്പീൽ സമർപ്പിക്കാനുണ്ടായ സാഹചര്യം വിശദമായി അവതരിപ്പിച്ചെങ്കിലും സിംഗിൾ ബെഞ്ച് തള്ളിയ ഹർജിയിൽ കക്ഷിയല്ലാതിരുന്നതാണ് രഞ്ജിനിക്ക് തിരിച്ചടിയായത്. അപ്പീൽ നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കി ഡിവിഷൻ ബെഞ്ച് തള്ളി. ആവശ്യമെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും ഹർജി ഉടൻ ഫയൽ ചെയ്യുകയാണെങ്കിൽ ഇന്ന് തന്നെ പരിഗണിക്കാൻ നിർദ്ദേശിക്കാമെന്നുമായിരുന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ സജിമോൻ പാറയിലിന്‍റെ അപ്പീൽ പിന്നീട് പരിഗണിക്കാൻ മാറ്റി. ഇതിനിടെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് റിപ്പോർട്ട് പുറത്തുവിടുമെന്ന പ്രഖ്യാപനമെത്തി. വീണ്ടും എല്ലാ കണ്ണുകളും കോടതിയിലേക്ക്. 

സജിമോൻ പാറയിലിന്‍റെ അപ്പീലിലെ നടപടിക്രമങ്ങൾ ഉച്ചയോടെ പൂർത്തിയായെങ്കിലും ഉച്ചയ്ക്കുശേഷം ആക്ടിംഗ് ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിന് സിറ്റിങ് ഇല്ലാതിരുന്നതോടെ രഞ്ജിനിയുടെ ഹർജിയായി ശ്രദ്ധാകേന്ദ്രം. അതിനിടെ രഞ്ജിനിക്കായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ ഹാജരാകുമെന്ന് അഭ്യൂഹങ്ങളുമെത്തി. ഉച്ചയ്ക്കുശേഷം ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ച് സിറ്റിങ് തുടങ്ങിയപ്പോൾ സമയം 2.10. ഹർജി സമർപ്പിച്ച കാര്യം രഞ്ജിനിക്കുവേണ്ടി ഡിവിഷൻ ബെഞ്ചിൽ ഹാജരായ അതേ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കും വരെ റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു. ഹർജി ഇന്നുതന്നെ പരിഗണിക്കാമെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് പക്ഷേ റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഇതോടെ നിയമതടസ്സങ്ങൾ ഒന്നുമില്ലാതെ രണ്ടരയ്ക്ക് തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു.