ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന കാസ്റ്റിങ് കൗച്ച് ആരോപണങ്ങൾ നടിമാരുടെ വെറുംവാക്കുകൾ മാത്രമല്ല, എല്ലാത്തിനുമുള്ള തെളിവുകളും കമ്മിഷന് മുമ്പാകെ നടിമാരിൽ പലരും ഹാജരാക്കിയിട്ടുണ്ട്. റിപ്പോർട്ടിലെ 94-ാം പാരഗ്രാഫ് മുതലാണ് ഈ കാര്യങ്ങൾ വിശദീകരിക്കുന്നത്. വിഡിയോ ക്ലിപ്പുകൾ, ഓഡിയോ ക്ലിപ്പുകൾ, വാട്ട്സ് ആപ്പ് മേസേജുകളുടെ സ്ക്രീൻ ഷോട്ടുകൾ എന്നിവ പ്രമുഖ നടിമാരുൾപ്പടെ ഹാജരാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
മലയാള സിനിമാ രംഗത്ത് മുഖം കാണിക്കണമെങ്കിൽ തന്നെ ലൈംഗികമായി വഴങ്ങണമെന്നും, ആരും അറിയില്ലെന്നും നിർബന്ധിക്കാറുണ്ടെന്നാണ് പുതുമുഖ നടിമാരിൽ പലരും കമ്മിഷനോട് വെളിപ്പെടുത്തിയത്. ഇത് അവസാനിപ്പിക്കണം എന്നായിരുന്നു ഭൂരിഭാഗം നടിമാരുടെയും കമ്മിഷനോടുള്ള ആവശ്യം. അഭിനയ മോഹവുമായെത്തിയ പല സ്ത്രീകളും ഈ ഒറ്റക്കാരണത്താൽ അവസരങ്ങൾ വേണ്ടെന്നുവെച്ച് സിനിമാ മേഖലയിൽ നിന്ന് പുറത്തു പോയിട്ടുണ്ട്.
അക്ഷരാർത്ഥത്തിൽ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. സെക്സും വയലന്‍സും ഡ്രഗ്സും നിറഞ്ഞ്, സ്ത്രീകളെ അടക്കിവാഴുന്ന ആണധികാര കേന്ദ്രമാണ് സിനിമാലോകമെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പുരുഷന്‍മാര്‍ക്ക് വഴങ്ങിക്കൊടുത്തില്ലങ്കില്‍ സ്ത്രീകള്‍ക്ക് അവസരമില്ല. പ്രശസ്തരായ വ്യക്തികള്‍ പോലും സ്ത്രീകളെ ചൂഷണം ചെയ്തെന്ന് വ്യക്തമായെന്നും റിപ്പോര്‍ട്ടിലുണ്ട്. നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സംവിധായകന്‍ നായികനടിയെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും മൊഴി. നടന്‍മാരില്‍ പലരും ലൊക്കേഷനിലെത്തുന്ന ലഹരിമരുന്ന് ഉപയോഗിച്ചെന്നും കണ്ടെത്തലുണ്ട്.
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തിന്റെയും നീതിനിഷേധത്തിന്റെയും ഞെട്ടിക്കുന്ന മൊഴികളടങ്ങിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തോളം പൂഴ്ത്തി വച്ചത്. അവസരം വേണമെങ്കില്‍ സംവിധായകനും നിര്‍മാതാവും നായകനും തുടങ്ങി പലര്‍ക്കും ശരീരം കാഴ്ചവെക്കേണ്ട കാസ്റ്റിങ് കൗച്ച് മലയാളത്തിലും വ്യാപകം.
അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍ തന്നെ ഹോട്ടലിലേക്ക് ക്ഷണിക്കും. സെക്സിന് നിര്‍ബന്ധിക്കലാണ് പിന്നീട്. വഴങ്ങിക്കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് ചില നടിമാര്‍ കരുതുമ്പോള്‍ അതിന് കൂട്ടുനില്‍ക്കുന്ന അമ്മമാരുമുണ്ടെന്ന് നടുക്കുന്ന വിവരവും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അവസരം ലഭിച്ചാലും ലൈംഗിക ചൂഷണം തീരില്ല. അത് മുറ പോലെ തുടർന്നുകൊണ്ടിരിക്കും...