നിയമ പോരാട്ടം നീണ്ടാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനായുള്ള കാത്തിരിപ്പ് ഇനിയും നീളും. രഞ്ജിനിയുടെ ഹർജിയിൽ നാളെ തീരുമാനമായാലും സിനിമാ മേഖലയിലുള്ളവർ തന്നെ വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നുള്ള സൂചനയും ശക്തമാണ്. റിപ്പോർട്ട് പുറത്തു വിടാനുള്ള അവസരമാണ് നിലപാട് മാറ്റത്തിലൂടെ സർക്കാർ പാഴാക്കി കളഞ്ഞത്.

നിർമാതാവിന്‍റെ‌ ഹർജി തള്ളി റിപ്പോർട്ട് പുറത്തു വിടാൻ ഹൈക്കോടതി അനുവാദം നൽകിയതിന്‍റെ പിറ്റേ ദിവസം തന്നെ റിപ്പോർട്ട് സർക്കാരിനു പുറത്തു വിടാമായിരുന്നു. നേരത്തെ റിപ്പോർട് പുറത്തു വിടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയപ്പോഴാണ് നിർമാതാവിന്‍റെ ഹർജി കോടതിയിലെത്തിയതെന്നായിരുന്നു സർക്കാർ വാദം. ഹൈക്കോടതി ഉത്തരവ് വന്നു രണ്ടു ദിവസം കഴിഞ്ഞാണ് രഞ്ജിനിയുടെ ഹർജിയെത്തിയത്. കഴിഞ്ഞ ദിവസവും റിപ്പോർട്ട് പുറത്തു വിടാനുള്ള സാഹചര്യം സർക്കാരിനുണ്ടായിരുന്നെങ്കിലും ചെയ്തില്ല. ഇതിൽ നിന്നു റിപ്പോർട് പുറത്തു വരുന്നതിൽ താൽപര്യമില്ലായ്മ പ്രകടം.

റിപ്പോർടിന്‍റെ പകർപ്പ് ആവശ്യപ്പെട്ടുള്ള നടി രഞ്ചിനിയുടെ ഹർജിയിൽ നാളെ തീരുമാനമായാലും സിനിമാ മേഖലയിൽ നിന്നു തന്നെ ഇനിയും ഹർജികൾ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിയമ പോരാട്ടങ്ങൾ നീണ്ടാൽ റിപ്പോർട് വെളിച്ചം കാണുന്നത് ഏറെ വൈകും. സ്വകാര്യതയെ ഹനിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തു വിടാൻ ജൂലൈ 5 നായിരുന്നു വിവരാവകാശ കമ്മിഷൻ ഉത്തരവ്. 2017 നു നിലവിൽ വന്ന ഹേമ കമ്മിറ്റി 2019 ഡിസംബറിലാണ് റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ചത്. സിനിമാ മേഖലയിലെ 'സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചത്.

ENGLISH SUMMARY:

If the legal battle continues, the wait for the Hema Committee report will extend further. Even if a decision is made tomorrow on Ranjini's petition, there are strong indications that those in the film industry may again approach the court.