മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ തീവ്രത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മുണ്ടക്കൈ ജുമാമസ്ജിദിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉരുൾപൊട്ടൽ ദിനത്തിൽ കടകളിൽ വന്ന് സാധനങ്ങൾ വാങ്ങി മരണത്തിലേക്ക് യാത്ര ചെയ്ത നാട്ടുകാരുടെ ദൃശ്യങ്ങളുംനോവായി മാറി. വിഡിയോ കാണാം.
ഉരുൾപൊട്ടൽ രാത്രി പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പെയ്തിറങ്ങിയത് മേഘവിസ്ഫോടനം. രേഖപ്പെടുത്തിയത് 570 മില്ലി മീറ്റർ മഴ. ഇതിലാണ് ഒരു മല ഒന്നാകെ ഒഴുകിയെത്തി രണ്ട് ഗ്രാമങ്ങളെ ഇല്ലാതാക്കിയത്. അതിന്റെ തീവ്രത വ്യക്തമാക്കുന്ന പേമാരിയുടെ ദൃശ്യങ്ങളാണ് മുണ്ടക്കൈ പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞത്. അന്നേ ദിവസം പകൽ കടകളിൽ എത്തി സാധനങ്ങൾ വാങ്ങി കൊച്ചു വർത്തമാനവും പറഞ്ഞു വീട്ടിലേക്ക് മടങ്ങിപ്പോയവരിൽ ഭൂരിഭാഗം പേരെയും പിന്നെ കാണാൻ കഴിഞ്ഞിട്ടില്ല. ചിലരുടെയൊക്കെ മൃതദേഹങ്ങൾ കിട്ടി. ഭൂരിഭാഗം പേരും ഇപ്പോഴും മണ്ണിനടിയിൽ തന്നെ.
അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 119 പേരെ. കാണാതായവരുടെ കരട് പട്ടിക പുതുക്കി. ഡിഎന്‍എ ഫലം ലഭ്യമായി തുടങ്ങിയതിനു പിന്നാലെയാണ് കാണാതായവരുടെ എണ്ണം കുറഞ്ഞത്. അതിനിടെ, ഉരുൾപൊട്ടൽ ബാധിതരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ പ്രത്യേക യോഗം നാളെ ചേരും. വായ്പകൾ ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണോ അതോ എഴുതിത്തള്ളണോ എന്ന കാര്യത്തിൽ യോഗം തീരുമാനം എടുക്കും.
വിദ്യാഭ്യാസ വകുപ്പ് പ്രത്യേക അദാലത്തും നാളെ ഉണ്ടാകും. ജനകീയ തിരച്ചിൽ അവസാനിപ്പിച്ചതോടെ ചൂരൽ മലയിലെ കടമുറികൾ വ്യാപാരികൾ എത്തി വൃത്തിയാക്കി തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്നും ശുചീകരണ യജ്ഞം ഉണ്ടാകും. നാട്ടുകാരോ ബന്ധുക്കളോ ആവശ്യപ്പെടുന്ന മുറയ്ക്ക് തിരച്ചിൽ നടത്താനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്